ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; റോഡിലേക്ക് തെറിച്ചു വീണ ആളുടെ ദേഹത്ത് ബസ് കയറി മരിച്ചു
കാസർകോട്: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചപ്പോൾ റോഡിലേക്ക് തെറിച്ചു വീണ ആളുടെ
ദേഹത്ത് ബസ് കയറി മരിച്ചു. പരിക്കേറ്റ മറ്റൊരു സ്കൂട്ടർ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുള്ളേരിയ ബളവന്തടുക്ക സ്വദേശി തിമ്മപ്പ(60) ആണ് മരിച്ചത്. പരിക്കേറ്റ കിന്നിംഗാർ സ്വദേശി ഗിരീഷിനെ(37) മുള്ളേരിയയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ബെള്ളൂർ പള്ളപ്പാടിയിലാണ് അപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചപ്പോൾ യാത്രക്കാരനായ തിമ്മപ്പ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. കാസർകോട് നിന്ന് കിന്നിംഗാറിലേക്ക് വരികയായിരുന്ന സ്വകാര്യബസ് തിമ്മപ്പയുടെ ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തിമ്മപ്പയെ കാസർകോട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം കാസർകോട് ജനറലാശുപത്രിയിലേക്ക് മാറ്റി. ആദൂർ പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. സിപിഎം പാണ്ടി ലോക്കൽ കമ്മറ്റിയംഗമാണ് തിമ്മപ്പ