ഹാർദിക് പാണ്ഡ്യ ലോകകപ്പ് ടീമിൽനിന്ന് പുറത്ത്; പ്രസിദ്ധ് കൃഷ്ണ പകരക്കാരൻ
ഇന്ത്യയുടെ ലോകകപ്പ് ടീമിൽനിന്ന് ആൾ റൗണ്ടർ ഹർദിക് പാണ്ഡ്യ പുറത്ത്. ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണയായിരിക്കും ഹാർദിക്കിന്റെ പകരക്കാരൻ. ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ഹാർദിക്കിനെ ടീമിൽ നിന്നും മാറ്റിയത്.
ഒക്ടോബർ 19ന് ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ ഹാർദിക്കിന് കാലിന് പരിക്കേൽക്കുകയായിരുന്നു. പിന്നീട് ന്യൂസിലാൻഡിനും ഇംഗ്ലണ്ടിനും ശ്രീലങ്കക്കുമെതിരെ നടന്ന ലോകകപ്പ് മത്സരങ്ങളിൽ ഹാർദിക് കളിച്ചിരുന്നില്ല. സെമി ഫൈനലിന് മുമ്പായി ഹാർദിക് കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു ബി.സി.സി.ഐയുടെ പ്രതീക്ഷ. എന്നാൽ, സെമി ഫൈനലിന് ഒരുങ്ങുന്ന ടീം ഇന്ത്യയെ സംബന്ധിച്ചടുത്തോളം കനത്ത തിരിച്ചടിയാണ് ഹാർദിക്കിന്റെ അഭാവം.
ഇന്ത്യക്കായി 19 ഏകദിന മത്സരങ്ങളിലാണ് പ്രസിദ്ധ് കൃഷ്ണ കളിച്ചത്. ലോകകപ്പിന് മുമ്പ് ആസ്ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ ഡേവിഡ് വാർണറിന്റെ വിക്കറ്റെടുത്ത് പ്രസിദ്ധ് കൃഷ്ണ ശ്രദ്ധ നേടിയിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളിൽ ഇതുവരെ 33 വിക്കറ്റുകൾ പ്രസിദ്ധ് സ്വന്തമാക്കിയിട്ടുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരുൾപ്പെട്ട ഇന്ത്യയുടെ മാരക പേസ് നിരയോടാണ് ടീമിലെ സ്ഥാനത്തിനായി പ്രസിദ്ധിന് മത്സരിക്കേണ്ടത്.
ഞായറാഴ്ച ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ അടുത്ത ലോകകപ്പ് മത്സരം. സെമി ബെർത്ത് ഉറപ്പിച്ച സാഹചര്യത്തിൽ ഇന്ത്യയെ സംബന്ധിച്ചടുത്തോളം മത്സരഫലം നിർണായകമല്ല. ലോകകപ്പിൽ ഇതുവരെ തോൽവി അറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. കളിച്ച ഏഴ് മത്സരങ്ങളും ഇന്ത്യ ജയിച്ചു. ശ്രീലങ്കക്കെതിരെ നടന്ന അവസാന മത്സരത്തിൽ വൻ മാർജിനിലാണ് ഇന്ത്യ ജയിച്ചത്.