കളിക്കുന്നത് ഇടനിലക്കാർ: വിലക്കുറവ് പ്രതീക്ഷിച്ച് സപ്ലൈകോയിൽ എത്തുന്ന സാധാരണക്കാർ മടങ്ങുന്നത് വെറും കയ്യോടെ
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ വില കുത്തനെക്കൂട്ടി ഇടനിലക്കാരുടെ കളി! മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും സബ്സിഡി സാധനങ്ങൾ കിട്ടാതായത് മുതലെടുത്താണ് ജനത്തെ പിഴിയുന്നത്.
ഉത്തരേന്ത്യയിൽ വിളവെടുപ്പ് കഴിഞ്ഞുള്ള സീസൺ ആയതിനാൽ വരവ് കൂടിയതോടെ നവംബർ, ഡിസംബർ മാസങ്ങളിൽ അവശ്യസാധനങ്ങൾക്ക് വില കുറയേണ്ടതാണ്. എന്നാൽ മറിച്ചാണ് സംഭവിക്കുന്നത്. സർക്കാർ വിപണിയിലെ തളർച്ച അവസരമാക്കി അമിതലാഭം ലക്ഷ്യമിട്ട് ഇടനിലക്കാർ വില തോന്നിയതുപോലെ കൂട്ടുകയാണ്.
വെള്ളക്കടല കിലോയ്ക്ക് 100 നിന്ന് 190 രൂപയായി. ചെറുപയർ 110ൽ നിന്ന് 155. ഫസ്റ്റ് ക്വാളിറ്റി സാമ്പാർപ്പരിപ്പ് 115ൽ നിന്ന് 180. സെക്കൻഡ് ക്വാളിറ്റി 90ൽനിന്ന് 140. സവാള വില ഇരട്ടിയോളം കൂടി 68 രൂപയായി. ചെറിയ ഉള്ളിക്ക് 105- 115 രൂപയായിട്ട് ഒന്നരമാസമായി. ഉരുളക്കിഴങ്ങ് വില 30ൽ നിന്ന് 48ലെത്തി. മല്ലിക്ക് മാത്രമാണ് നേരിയ കുറവ്.
നോക്കുകുത്തിയായി സപ്ളൈ
കോപൊതുവിപണിയിലെ പൊള്ളുന്ന വിലക്കയറ്റത്തിൽ നിന്ന് രക്ഷനേടാൻ സപ്ലൈകോ മാർക്കറ്റുകളിലെത്തുന്ന ജനത്തിന് വെറുംകൈയോടെ മടങ്ങേണ്ടിവരുന്നു. അരി കൂടാതെ ഒൻപത് ഇനം സാധനങ്ങളാണ് സബ്സിഡി നിരക്കിൽ നൽകുന്നത്. മുളക്, വൻപയർ, ചെറുപയർ, സാമ്പാർപ്പരിപ്പ്, വെളിച്ചെണ്ണ, പഞ്ചസാര അടക്കം ഒന്നുമില്ല. നോൺ സബ്സിഡി സാധനങ്ങളുടെ സ്റ്റോക്കും കുറഞ്ഞു വരുന്നു. കുടിശ്ശിക 700 കോടി കടന്നതോടെ വിതരണക്കാർ സാധനങ്ങൾ നൽകുന്നത് നിറുത്തിയതാണ് തിരിച്ചടിയായത്.