യൂട്യൂബറെ ഹണി ട്രാപ്പിൽപ്പെടുത്തി പണവും കാറും തട്ടിയെടുത്തു; യുവതികളടക്കം നാലുപേർ പേർ പിടിയിൽ
കൊച്ചി:ഹണിട്രാപ്പിൽ യൂട്യൂബറെ കുടുക്കിയ കേസിൽ രണ്ട് യുവതികളടക്കം നാലുപേർ അറസ്റ്റിൽ ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കൽ പി.എസ്. അഭിലാഷ് (28),കൊല്ലം കൈതോട് നിലമേൽ നൗഫൽ മൻസിലിൽ അൽ അമീൻ (23),ഇടുക്കി ശാന്തൻപാറ ചെരുവിൽ പുത്തൻവീട്ടിൽ പി, ആതിര (28),ഇടുക്കി വാളറ കാട്ടാഞ്ചേരി കെ.കെ. അക്ഷയ (21) എന്നിവരെയാണ് തൃപ്പൂണിത്തുറയിലെ അപ്പാർട്ടുമെന്റിൽ നിന്ന് കൂത്താട്ടുകുളം പൊലീസ് പിടികൂടിയത്.മലപ്പുറം മഞ്ചേരി സ്വദേശിയായ യൂട്യൂബറിന്റെ പരാതിയിലാണ് അറസ്റ്റ്. യൂട്യൂബിൽ നിന്നും ലഭിച്ച നമ്ബറിലൂടെ ബന്ധപ്പെട്ട് അക്ഷയ എന്ന പെൺകുട്ടി ഇയാളുമായി സൗഹൃദത്തിലാവുകയായിരുന്നു. തുടർന്ന് സുഖമില്ലാതെ കിടക്കുന്ന അനിയന് കൗൺസലിംഗ് നൽകണമെന്ന് പറഞ്ഞ് യുവാവിനെ കൂത്താട്ടുകുളത്തെ ലോഡിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. അവിടെ വെച്ച് അക്ഷയ നൽകിയ ജ്യൂസ് കുടിച്ച് മയങ്ങി പോയെന്നും മയക്കം വിട്ടെഴുന്നേറ്റപ്പോൾ ആതിരയെന്ന് പറയുന്ന പെൺകുട്ടിയെയാണ് കണ്ടതെന്നും യൂട്യൂബർ പരാതിയിൽ പറയുന്നു.
ശേഷം അൽ അമീൻ, അഭിലാഷ് എന്നിവർ വന്ന് യുവതികളെ ഇയാളുമായി ചേർത്തു നിർത്തി ഫോട്ടോയെടുക്കുകയും വീഡിയോ എടുക്കുകയും ചെയ്തു. ഫോട്ടോയും വിഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കാൻ അഞ്ചു ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ടുവെന്നും യൂട്യൂബർ പറയുന്നു. പിന്നീട് തന്റെ പക്കൽ പൈസയില്ലെന്ന് പറഞ്ഞപ്പോൾ അക്കൗണ്ടിലുണ്ടായിരുന്ന 10,000 രൂപ ഇവർ എടുക്കുകയും ഇയാളുടെ കാർ അക്ഷയുടെ പേരിൽ എഴുതി വാങ്ങിയെന്നും ഇയാളുടെ പരാതിയിൽ പറയുന്നുണ്ട്.