അന്‍സാറിന്റെ കൊലപാതകം; സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍, പിടികൂടുമ്പോള്‍ ഷര്‍ട്ടില്‍ രക്തക്കറ
പാലക്കാട്: പട്ടാമ്പി കരിമ്പനക്കടവില്‍ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊടലൂര്‍ സ്വദേശി മുസ്തഫയെയാണ് പോലീസ് പിടികൂടിയത്. പട്ടാമ്പി കൊണ്ടൂര്‍ക്കര സ്വദേശി പറമ്പില്‍ അന്‍സാര്‍ (25) വ്യാഴാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്.
സുഹൃത്തായ മുസ്തഫയാണ് തന്നെ കുത്തിയതെന്ന് മരിക്കുംമുമ്പ് ആശുപത്രിയിലെ നേഴ്സിനോട് അന്‍സര്‍ പറഞ്ഞുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. മുസ്തഫയുടെ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി തൃശ്ശൂര്‍ വടക്കഞ്ചേരിയില്‍വെച്ചാണ് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലെടുക്കുമ്പോള്‍ മുസ്തഫയുടെ ഷര്‍ട്ടില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇയാളെ കൂടുതല്‍ ചോദ്യംചെയ്തുവരുകയാണ്.
വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ കണ്ണന്നൂരിനടുത്ത് കരിമ്പനക്കടവില്‍വച്ചാണ് അന്‍സാറിന് കഴുത്തില്‍ വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അന്‍സാര്‍ വാഹനങ്ങള്‍ക്ക് കൈ കാണിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് വാഹനത്തില്‍ കയറ്റി ഇയാളെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
തൃത്താല പോലീസെത്തി നടത്തിയ പരിശോധനയില്‍ സംഭവം നടന്ന സ്ഥലത്തെ ചെടികളിലും വഴിയിലും രക്തക്കറ കണ്ടെത്തിയിരുന്നു. തൃത്താല കരിമ്പനക്കടവില്‍ വിദേശമദ്യവില്പനശാലയ്ക്ക് സമീപമാണ് സംഭവം നടന്നത്. ഇവിടെ ഉപേക്ഷിച്ച നിലയില്‍ ഒരു കാറും കണ്ടെത്തി. കാറില്‍ രക്തക്കറയും കത്തിയുടെ ഉറയും കണ്ടെത്തിയതായി സൂചനയുണ്ട്.