സിപിഎം പാലസ്തീൻ ഐക്യദാർഢ്യറാലി; ലീഗിൽ ആശയക്കുഴപ്പം; നിർണ്ണായക യോഗം നാളെ
കോഴിക്കോട്: സി.പി.എം ഈ മാസം 11ന് കോഴിക്കോട്ട് നടത്തുന്ന പാലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതിനെ ചൊല്ലി മുസ്ലീംലീഗിൽ ആശയകുഴപ്പവും ഭിന്നതയും രൂക്ഷം. റാലിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി മുസ്ലീംലീഗ് നേതൃയോഗം നാളെ കോഴിക്കോട്ട് ചേരും. പാലസ്തീൻ ഐക്യദാർഢ്യ റാലിയിലേയ്ക്ക് സിപിഎം ക്ഷണിച്ചാൽ ലീഗ് പങ്കെടുക്കുമെന്ന ഇ.ടി.മുഹമ്മദിന്റെ വെളിപ്പെടുത്തലാണ്
ലീഗിനകത്തു ആശയകുഴപ്പത്തിനു ഇടയാക്കിയത്. ഇതു സംബന്ധിച്ച്
പ്രതിപക്ഷനേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും വി.ടി.ബൽറാമും ലീഗ് നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ചു. സി.പി.എമ്മിന്റെ റാലിയിൽ ലീഗ് പങ്കെടുത്താൽ അത് യു.ഡി.എഫിന്റെ അടിത്തറയെ തന്നെ
ശിഥിലമാക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ ലീഗ് സംസ്ഥാന പ്രസിഡണ്ടിനെ അറിയിച്ചത്.
ഇന്നു രാവിലെ മാധ്യമ പ്രവർത്തകരെ കണ്ട എം.കെ.മുനീർ, സിപിഎം റാലിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തോടെയാണ് ലീഗിനു അകത്തെ ആശയക്കുഴപ്പം മറനീക്കി പുറത്തു വന്നത്. റാലിയിൽ പങ്കെടുക്കണമോയെന്ന്
മുസ്ലീംലീഗാണ് തീരുമാനിക്കേണ്ടത്. പങ്കെടുക്കണമെന്നു തീരുമാനിച്ചാൽ അത്
യു.ഡി.എഫിൽ നിന്നു പുറത്തു പോകുന്നുവെന്നല്ല അർത്ഥം. ഏക സിവിൽകോടിന്റെ കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളത്. എം.കെ മുനീർ പറഞ്ഞു. ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രതികരണത്തിനെതിരെ
സുധാകരൻ നടത്തിയ പരാമർശത്തോട് കടുത്ത ഭാഷയിലാണ് മുനീർ പ്രതികരിച്ചത്. കെ.സുധാകരൻ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണമെന്ന്മുനീർ പറഞ്ഞു. റാലിയിൽ പങ്കെടുക്കുന്നതു സംബന്ധിച്ച കാര്യത്തിൽ ആശയകുഴപ്പം തുടരുന്നതിനിടയിൽ
സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം ഇന്നു രാവിലെ പാണക്കാട്ടെത്തി.
പ്രസിഡണ്ട് സാദിഖ് അലി തങ്ങളുമായി കൂടികാഴ്ച നടത്തി. അതിനുശേഷമാണ് റാലിയിൽ പങ്കെടുക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിനു നാളെ യോഗം ചേരുന്ന കാര്യം വ്യക്തമാക്കിയത്. പി.കെ.കുഞ്ഞാലിക്കുട്ടിയും കെ.പി.എ മജീദും സ്ഥലത്തില്ല. അവർ ഇന്നു വൈകുന്നേരത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ കോഴിക്കോട് ലീഗ് ഓഫീസിൽ യോഗം ചേർന്നശേഷം പാർട്ടി നിലപാട് കൈക്കൊള്ളുമെന്നു പി.എം.എ. സലാം പറഞ്ഞു. അതേസമയം ഇ.ടി.മുഹമ്മദ് ബഷീറിന്റെ നിലപാട് കേരള രാഷ്ട്രീയത്തിൽ ദൂര വ്യാപകമായ പ്രത്യാഘാതത്തിന് ഇടയാക്കുമെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ പറഞ്ഞു. മുസ്ലീംലീഗ് യു.ഡി.എഫിലെ കീറ സഞ്ചിയല്ല, കോൺഗ്രസിന്റെ തെറ്റായ ധാരണകൾ ലീഗ് തിരിച്ചറിഞ്ഞു-എ.കെ.ബാലൻ കൂട്ടിച്ചേർത്തു.