മോട്ടോർ വാഹനവകുപ്പ് കൊടുക്കാനുള്ളത് കോടികൾ, ആർസിയും ലൈസൻസും ഉപഭോക്താക്കൾക്ക് വിതരണം ചെയ്യില്ലെന്ന് തപാൽ വകുപ്പ്
കൊച്ചി: സാമ്പത്തിക പ്രതിസന്ധിയിലായ മോട്ടോർ വാഹന വകുപ്പിനെ ധനവകുപ്പ് കൈവിട്ടതോടെ ആർ.സി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് വിതരണം തകിടം മറിഞ്ഞു. 2.84 കോടി രൂപ കുടിശ്ശിക കിട്ടാത്തതിനാൽ തപാൽ വകുപ്പ് വിതരണം നിറുത്തിവച്ചിരിക്കയാണ്.
കുടിശ്ശിക ലഭിച്ചിട്ടു മതി വിതരണമെന്നാണ് തപാൽ വകുപ്പിന്റെ തീരുമാനം. ആർ.സി ബുക്കും ലൈസൻസും സ്വന്തം വിലാസത്തിൽ കിട്ടാൻ പണം മുൻകൂർ അടച്ച ആയിരക്കണക്കിന് പേർ ബുദ്ധിമുട്ടിലായി. പണം ആവശ്യപ്പെടുമ്പോൾ സാമ്പത്തിക പ്രതിസന്ധിയാണ് ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നതെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബുധനാഴ്ച മുതലാണ് ലൈസൻസിന്റെയും ആർ.സി ബുക്കിന്റെയും സ്പീഡ് പോസ്റ്റ് വഴിയുളള വിതരണം തപാൽ വകുപ്പ് നിറുത്തിയത്. ബുധനാഴ്ച മാത്രം 15,000 എണ്ണം വിതരണത്തിനെത്തിയെന്ന് തപാൽ വകുപ്പ് അധികൃതർ പറഞ്ഞു. ജൂലായ് മുതൽ സെപ്തംബർ വരെ വിതരണം ചെയ്തതിന്റെ പണമാണ് നൽകാനുള്ളത്.
ഏപ്രിലിലാണ് ലൈസൻസ് പ്രിന്റിംഗ് കൊച്ചിയിലേക്കു മാറ്റിയത്. കഴിഞ്ഞ മാസം 1.38 ലക്ഷം ആർ.സിയും 2.27 ലക്ഷം ലൈസൻസും അച്ചടിച്ചിരുന്നു. ഇതിനു സാങ്കേതികസഹായം നൽകുന്ന പാലക്കാട് ഐ.ടി.ഐക്കും ലക്ഷങ്ങൾ നൽകാനുണ്ട്.