കേസ് ഒഴിവാക്കാന്‍ കൈക്കൂലി; രാജസ്ഥാനില്‍ രണ്ട് ഇ.ഡി. ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
ജയ്പൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. രാജസ്ഥാന് അഴിമതി വിരുദ്ധ വിഭാഗമാണ് (എ.സി.ബി.) ഇ.ഡി. ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. 15 ലക്ഷം രൂപയാണ് ഇവര്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്.
നവല്‍ കിഷോര്‍ മീണ, സഹായി ബാബുലാല്‍ മീണ എന്നിവരാണ് അറസ്റ്റിലായത്. ഇടനിലക്കാരന് മുഖേനെയാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. മണിപ്പൂരിലെ ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതും അറസ്റ്റും ഒഴിവാക്കാനുമാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
17 ലക്ഷം രൂപയാണ് ഇവര്‍ ആദ്യം കൈക്കൂലിയായി ആവശ്യപ്പെട്ടത്. പിന്നീട് 15 ലക്ഷമായി കുറയ്ക്കുകയായിരുന്നു. രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് ഇ.ഡി. ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ മകന് വൈഭവിനെ കഴിഞ്ഞയാഴ്ച ഇ.ഡി. ചോദ്യം ചെയ്തിരുന്നു. വിദേശ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട കേസില്‍ ഒമ്പത് മണിക്കൂറാണ് ഇ.ഡി. വൈഭവിനെ ചോദ്യം ചെയ്തത്. നവംബര്‍ 25-ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ഇ.ഡിയുടെ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ഗെഹലോട്ട് ആരോപിച്ചിരുന്നു.