ഇന്ത്യയും ദക്ഷിണാഫ്രിക്കയും സേഫ് സോണില്‍; അവസാന നാലിലെത്താൻ ഇഞ്ചോടിഞ്ച് പോരാട്ടം
മുംബൈ: ലോകകപ്പ് നോക്കൗട്ട് റൗണ്ടിന്റെ ചിത്രങ്ങള്‍ തെളിഞ്ഞുവരുമ്ബോള്‍ അവസാന നാലിലെത്താൻ നാല് ടീമുകളാണ് ഇഞ്ചോടിഞ്ച് പോരാടുന്നത്.
ആസ്ട്രേലിയ, ന്യൂസിലൻഡ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ ടീമുകളാണ് നോക്കൗട്ട് റൗണ്ടിലേക്ക് അരയും തലയും മുറുക്കുന്നത്. പോയിന്റില്‍ ഏഴു എട്ടും സ്ഥാനത്തുള്ള ശ്രീലങ്കക്കും നെതര്‍ലാൻഡ്സിനും വരെ വിദൂരമാണെങ്കിലും സാധ്യത ഒളിഞ്ഞുകിടപ്പുണ്ട്.
12 പോയിന്റുമായ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും ഇന്ത്യയും ഏറെ കുറേ സേഫ് സോണിലാണെന്ന് പറയാം. ആറ് മത്സരങ്ങളില്‍ ആറും ജയിച്ച ഇന്ത്യക്ക് ഇന്ന് ശ്രീലങ്കയെ തോല്‍പ്പിക്കാനായാല്‍ 14 പോയിന്റുമായി ആധികാരികമായി സെമി ഫൈനല്‍ ഉറപ്പിക്കാം.
ആറ് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുള്ള ആസ്ട്രേലിയക്ക് ഇംഗ്ലണ്ട്, അഫ്ഗാനിസ്താൻ, ബംഗ്ലേദേശ് എന്നിവരാണ് അടുത്ത എതിരാളികള്‍. രണ്ടു മത്സരങ്ങള്‍ ജയിച്ചാല്‍ തന്നെ സെമിയില്‍ കടക്കാനായേക്കും.
എന്നാല്‍ കടുത്ത പരീക്ഷണം നേരിടുന്നത് ന്യൂസിലൻഡാണ്. തുടര്‍ച്ചയായ നാല് ജയം നേടി ലോകകപ്പില്‍ വരവറിയിച്ച കീവീസ് തുടര്‍ച്ചയായി മൂന്ന് തോല്‍വി ഏറ്റുവാങ്ങിയതോടെ സ്ഥിതി പരുങ്ങലിലായി. എട്ടു പോയിന്റുള്ള ന്യൂസിലാൻഡിന് ഇനി രണ്ടു മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ശ്രീലങ്കയും പാകിസാതാനുമാണ് എതിരാളികള്‍. പാകിസ്താനുമായുള്ള മത്സരമാണ് അതി നിര്‍ണായകം.
ആറ് പോയിന്റുള്ള പാകിസ്താന് ഇനിയുള്ള രണ്ടു മത്സരങ്ങള്‍ ജയിച്ചാല്‍ സെമി സാധ്യതയുണ്ട് എന്നതിനാല്‍ ന്യൂസിലാൻഡിനെതിരെ വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ ലക്ഷ്യമിടില്ല. ടൂര്‍ണമന്റെില്‍ നിന്ന് പുറത്തായ ഇംഗ്ലണ്ടാണ് പാകിസ്താെന്റ മറ്റൊരു എതിരാളി.
ആറ് പോയിന്റാണെങ്കിലും റണ്‍റേറ്റില്‍ പാകിസ്താന് പിറകിലുള്ള അഫ്ഗാനിസ്താന് ഇനി മൂന്ന് മത്സരങ്ങള്‍ ബാക്കിയുണ്ട്. നെതര്‍ലാൻഡ്സും ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് എതിരാളികള്‍. ടൂര്‍ണമന്റെിലുടനീളം അട്ടിമറികളെ കൊണ്ട് ഞെട്ടിച്ച അഫ്ഗാൻ മൂന്നില്‍ രണ്ട് ജയമെങ്കിലും നേടിയാല്‍ സെമി സാധ്യതയുണ്ട്.
നാല് പോയിന്റ് മാത്രമാണെങ്കിലും മൂന്ന് മത്സരങ്ങള്‍ ബാക്കിയുള്ള നെതര്‍ലാൻഡിനും ശ്രീലങ്കക്കും ഇനിയുള്ള മത്സരം മുഴുവൻ ജയിച്ചാല്‍ മറ്റുള്ള ടീമുകളുടെ മത്സര ഫലങ്ങളെ ആശ്രയിച്ച് വിദൂര സാധ്യതയും തള്ളികളയാനാകില്ല