സർക്കാരും ഗവർണറും നേർക്കുനേർ;ഇനി പോരാട്ടം സുപ്രീം കോടതിയിൽ; പിണറായിയുടെ നീക്കം അതികരുതലോടെ, ഹർജി ഫയൽചെയ്തത് അർധരാത്രി
ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ ഫയൽചെയ്ത റിട്ട് ഹർജി തയ്യാറാക്കിയത് നാല് മാസത്തെ കൂടിയാലോചനകൾക്ക് ശേഷം. ബുധനാഴ്ച രാത്രിയാണ് കേസിലെ ഒന്നാം ഹർജിക്കാരനായ ചീഫ് സെക്രട്ടറി ഡോ. വി വേണു ഹർജിയിൽ ഒപ്പുവെച്ചത്. അർധരാത്രിതന്നെ റിട്ട് ഹർജി സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ സി.കെ ശശി ഓൺലൈനായി സുപ്രീം കോടതിയിൽ ഫയൽ ചെയ്തു.ഇതോടെ സംസ്ഥാന സർക്കാരും ഗവര്‍ണരും തമ്മിലുള്ള പോരാട്ടത്തിന് തീ പാറുമെന്ന് ഉറപ്പായി.
ഭരണഘടന വിദഗ്ധനും മുൻ അറ്റോർണി ജനറലുമായ കെ.കെ വേണുഗോപാലാണ് ഗവർണർക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകിയത്. തുടർന്ന് സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറൽ ഗോപാല കൃഷ്ണ കുറുപ്പ് സുപ്രീം കോടതിയിൽ ഫയൽ ചെയ്യേണ്ട ഹർജി തയ്യാറാക്കുന്നതിനായി കെ.കെ വേണുഗോപാലുമായി ചർച്ചനടത്തി. ഡൽഹിയിൽ രണ്ടുതവണ നടന്ന ചർച്ചയിൽ ഹൈക്കോടതിയിലെ സീനിയർ ഗവൺമെൻറ് പ്ലീഡർ വി. മനുവും പങ്കെടുത്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, നിയമ മന്ത്രി പി. രാജീവ്, സംസ്ഥാന ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ഹർജിയുടെ അന്തിമരൂപം തയ്യാറായത്. ഗവർണർക്കെതിരായ വിമർശനം എത്രവരെയാകാം എന്നതിലാണ് കൂടിയാലോചനകൾ നീണ്ടുപോയതെന്നാണ് സൂചന.