മിശ്രിത രൂപത്തിലാക്കിയ 695 ഗ്രാം സ്വർണ്ണവുമായി കാസർകോട് സ്വദേശികൾ കണ്ണൂരിൽ അറസ്റ്റിൽ
കണ്ണൂർ: മിശ്രിത രൂപത്തിലാക്കിയ 695 ഗ്രാം സ്വർണ്ണം അടിവസ്ത്രത്തിലും ജീൻസ് പാന്റിലും തേച്ചുപിടിപ്പിച്ചു കടത്തിയ ഉദുമ, തളങ്കര സ്വദേശികൾ അറസ്റ്റിൽ. ഉദുമയിലെ അൽ അമീൻ, തളങ്കരയിലെ റഫീഖ് എന്നിവരാണ് കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായത്. രഹസ്യവിവത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്.
അബുദാബിയിൽ നിന്നും എത്തിയ എയർഇന്ത്യ എക്സ് പ്രസിലെ യാത്രക്കാരനായിരുന്നു അൽഅമീൻ. സംശയത്തെതുടർന്ന് ഇയാളെ വിശദമായി പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ 454, 14 ഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിലാക്കി ജീൻസ് പാന്റ്സിനുള്ളിൽ തേച്ചുപിടിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. പിടികൂടിയ സ്വർണ്ണത്തിനു 27,52, 088 രൂപ വില വരും ഷാർജയിൽ നിന്നും എത്തിയ എയർ ഇന്ത്യാ എക്സ്പ്രസിലെ യാത്രക്കാരനായ തളങ്കരയിലെ റഫീഖിൽ നിന്നു 14,63, 490 രൂപ വിലവരുന്ന 241 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. മിശ്രിത രൂപത്തിലാക്കിയ സ്വർണ്ണം അടിവസ്ത്രത്തിനുള്ളിലും പൗച്ചിലും ഒളിപ്പിച്ചുവെച്ചാണ് കടത്തിയത്.
മറ്റൊരു സംഭവത്തിൽ അബുദാബിയിൽ നിന്നും എത്തിയ കൊടുവള്ളി സ്വദേശിയിൽ നിന്നു 992 ഗ്രാം തൂക്കമുള്ള നാലു സ്വർണ്ണ ക്യാപ്സളുകളും പിടികൂടി. മലദ്വാരത്തിനു അകത്താണ് സ്വർണ്ണ ക്യാപ്സളുകൾ ഒളിപ്പിച്ചുവച്ചിരുന്നത്.