കാണാതായ കോളേജ് വിദ്യാർത്ഥികളെ മുംബൈയിൽ കണ്ടെത്തി;തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങി
കാസർകോട്: കോളേജിലേക്കാണെന്നു പറഞ്ഞ് വീട്ടിൽ നിന്നു ഇറങ്ങിയ ശേഷം
കാണാതായ കോളേജ് വിദ്യാർത്ഥികളെ മുംബൈയിൽ കണ്ടെത്തി. കേരള
മുസ്ലീംജമാഅത്ത് ഭാരവാഹികളുടെ സഹായത്തോടെ വിദ്യാർത്ഥികളെ
നാട്ടിലേയ്ക്ക് എത്തിക്കുന്നതിനു ശ്രമം തുടങ്ങി.ചെടേക്കാൽ, ആസാദ്നഗർ,
ബദിയഡുക്ക സ്വദേശികളെയാണ് കഴിഞ്ഞ ദിവസം മുംബൈ ഡോംഗ്രിയിലെ
മലയാളി ഹോട്ടലിനു മുന്നിൽ നിന്നു കണ്ടെത്തിയത്. മംഗ്ളൂരുവിലെ സ്വകാര്യ
കോളേജ് വിദ്യാർത്ഥികളാണ് മൂന്നുപേരും. അഞ്ചുദിവസം മുമ്പ് കോളേജിലേയ്ക്ക്
പോയ ഇവർ വീടുകളിൽ തിരിച്ചെത്തിയിരുന്നില്ല. വീട്ടുകാർ നടത്തിയ
അന്വേഷണത്തിൽ ഇവരുടെ ബൈക്കുകൾ മംഗ്ളൂരു റെയിൽവെ സ്റ്റേഷൻ
പരിസരത്ത് നിർത്തിയിട്ട നിലയിൽ കണ്ടെത്തി. അന്വേഷണത്തിൽ മൂന്നുപേരും
മുംബൈയിലേയ്ക്ക് പോയതാണെന്ന സംശയം ശക്തമായി. തുടർന്ന്
ബദിയഡുക്കയിലെ പൊതു പ്രവർത്തകർ മുംബൈയിലെ മുസ്ലീം ജമാഅത്ത്
ഭാരവാഹികളുമായി ബന്ധപ്പെട്ടു. അവർ നടത്തിയ അന്വേഷണത്തിലാണ്
വിദ്യാർത്ഥികളെ മലയാളി ഹോട്ടലിനു മുന്നിൽ വച്ച് പിടിയിലായത്. ഇവർ
എന്തിനാണ് നാടുവിട്ടതെന്നു വ്യക്തമായിട്ടില്ല.