ബംഗളൂരു : എണ്ണസമ്പത്തിന്റെ കുത്തക സ്വന്തമാക്കുക വഴി സമ്പന്നതയുടെ കൊടുമുടി കയറിയ ഗൾഫ് രാജ്യങ്ങളുടെ ചരിത്രം ഏവർക്കും അറിവുള്ളതാണ്. എന്നാൽ ഈ വഴിയിലൂടെ സഞ്ചരിക്കാനുള്ള ഭാഗ്യം ഇന്ത്യയേയും തേടി എത്തിയിരിക്കുന്നു എന്ന സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വാഹനമേഖലയിൽ ഇലക്ട്രിക് യുഗം ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിൽ ഊർജം ശേഖരിക്കാനുള്ള ബാറ്ററിയുടെ നിർമ്മാണമാണ് ഏറെ പ്രാധാന്യമുള്ളത്. ലോകത്ത് കുറച്ച് മാത്രം ലഭ്യതയുള്ള ലിഥിയമാണ് ബാറ്ററി നിർമ്മാണത്തിനായി ഇപ്പോൾ ഉപയോഗിക്കുന്നത്. ഈ ലിഥിയത്തിന്റെ വൻ ശേഖരം കർണാടകയിലെ മാണ്ഡ്യയിൽ കണ്ടെത്തിയതായി ഇന്ത്യാ ആറ്റോമിക് എനർജി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടു. ഇന്ത്യാസ് ആറ്റോമിക് എനർജി കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ആറ്റോമിക് മിനറൽ ഡയറക്ടറേറ്റിലെ ഗവേഷകരുടെ സംഘമാണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ബംഗളൂരുവിൽ നിന്നും കേവലം നൂറ് കിലോമീറ്റർ ദൂരത്തുള്ള സ്ഥലമാണ് മാണ്ഡ്യ. ഇവിടെ 14,100 ടൺ ലിഥിയം ശേഖരമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇപ്പോൾ ലിഥിയം പൂർണമായും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വർഷം 120 കോടി ഡോളറാണ് ഇതിനായി ചെലവഴിച്ചത്.