‘പൊരുതുന്ന പലസ്തീനൊപ്പം കോൺഗ്രസ്’,തരൂർ നിലപാട് വ്യക്തമാക്കിയെന്ന് ചെന്നിത്തല; തിരുത്തിയെന്ന് വിഡി സതീശൻ
തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ പലസ്തീൻ ഐക്യദാഢ്യ റാലിയിൽ ശശി തരൂർ നടത്തിയ പരാമർശത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും വിഡി സതീശനും. പലസ്തീൻ ഐക്യദാർഢ്യ പരിപാടി വിജയമാണെന്നും ശശി തരൂർ തന്നെ വിവാദത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
തരൂർ പറഞ്ഞതിനേക്കാൾ കൂടുതലൊന്നും പറയാനില്ല. പൊരുതുന്ന പലസ്തീനൊപ്പമാണ് കോൺഗ്രസ് എന്നും. വർക്കിംഗ് കമ്മിറ്റി പ്രമേയത്തിന് വിരുദ്ധമായി തരൂർ ഒന്നും പറഞ്ഞിട്ടില്ല. ഇസ്രായേൽ നടത്തുന്നത് ക്രൂരമായ നടപടിയാണ്. ഹമാസ് നടത്തുന്നത് ഭീകര പ്രവർത്തനമാണെന്ന് ഒരിക്കലും കോൺഗ്രസ് പറഞ്ഞിട്ടില്ലെന്നും ശശി തരൂരിനെ ഒറ്റപ്പെടുത്താൻ ശ്രമിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. ശശി തരൂർ പ്രസ്താവന തിരുത്തിയിട്ടുണ്ടെന്നായിരുന്നു തരൂരിന്റെ പലസ്തീൻ പരാമർശത്തോട് വിഡി സതീശന്റെ പ്രതികരണം. ഇനി വിവാദമാക്കേണ്ടതില്ല. കോൺഗ്രസ് നിലപാട് വർക്കിംഗ് കമ്മറ്റി വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര പലസ്തീനൊപ്പമാണ് കോൺഗ്രസെന്നും സതീശൻ കൂട്ടിച്ചേർത്തു. കാസർകോഡായിരുന്നു സതീശൻ്റെ പ്രതികരണം.