യുവമോർച്ചാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതികളെ
കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻ ഐ എ
മംഗളൂരു: യുവമോർച്ചാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന മൂന്നു
പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) രണ്ടു
ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ബെൽത്തങ്ങാടി പടങ്കടി പൊയ്യ ഗുണ്ടയിലെ നൗഷാദ് (32),
സോമവാരപ്പെട്ട കൽക്കന്തൂരിലെ അബ്ദുൽ റഹ്മാൻ (36), അബ്ദുൽ നാസർ (41) എന്നിവരെ
കണ്ടെത്താൻ സഹായിക്കുന്നവർക്കാണ് പാരിതോഷികം നൽകുക.2022 ജൂലായ് 26ന്
രാത്രിയിലാണ് യുവമോർച്ചാ നേതാവ് ആയിരുന്ന പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ
സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കോഴിക്കട അടച്ച് വീട്ടിലേയ്ക്ക് മടങ്ങാനുളള
തയ്യാറെടുപ്പിലായിരുന്നു പ്രവീൺ. ഇതിനിടയിലാണ് അക്രമികളെത്തി കൊലപാതകം നടത്തി
സ്ഥലം വിട്ടത്. കോളിളക്കം സൃഷ്ടിച്ച സംഭവത്തിൽ ബെള്ളാരെ പൊലീസാണ് കേസെടുത്തത്.
പിന്നീട് എൻ.ഐ.എയ്ക്കു വിട്ട കേസിൽ മുഖ്യപ്രതികളെ അറസ്റ്റു ചെയ്തിരുന്നു. എന്നാൽ
സംഭവത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
കൊലപാതകത്തിനുശേഷം പ്രതികൾ കേരളത്തിലെത്തി ഒളിവിൽ താമസിച്ചിരുന്നതായി
കണ്ടെത്തിയതിനെതുടർന്ന് കോഴിക്കോട്, തലശ്ശേരി, കണ്ണൂർ ഭാഗങ്ങളിൽ അന്വേഷണം
നടത്തിയിരുന്നു. കേസിൽ ഇപ്പോഴും ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തിയാൽ മാത്രമേ
കൊലപാതകത്തിന്റെ ചുരുൾ പൂർണ്ണമായും അഴിക്കാക്കാൻ കഴിയുകയുള്ളൂവെന്നാണ്
അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.