തിരൂര്‍: ഒരു കുടുംബത്തിലെ ആറു കുട്ടികള്‍ ഒമ്ബത് വര്‍ഷത്തിനിടെ മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നു. മരിച്ച കുട്ടികള്‍ക്ക് ജനിതകരോഗം ഉണ്ടായിരുന്നതായി സംശയിച്ചിരുന്നെന്ന് പരിശോധിച്ച ഡോക്ടര്‍ നൗഷാദ് പറഞ്ഞു. സിഡ്സ് എന്ന രോഗമാണ് കുട്ടികള്‍ക്ക് ഉണ്ടായിരുന്നതെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.
‘സിഡ്സ്’ (സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം) എന്ന രോഗമാണ് കുട്ടികള്‍ക്ക് ഉണ്ടായിരുന്നത്. ഉറക്കത്തില്‍ കുട്ടികള്‍ മരണപ്പെടുന്നതാണ് ഇത്. ഒരു കുടുംബത്തിലെ കുട്ടികള്‍ക്കെല്ലാം ഇത് ഉണ്ടാവാം. ഈ സംശയത്തിന്റെ പുറത്താണ് അമൃത ആശുപത്രിയിലേക്ക് മൂന്നാമത്തെ കുട്ടിയെ പരിശോധനയ്ക്ക് അയച്ചത്. അവിടെ ജനിതകരോഗ വിദഗ്ധനെ കാണുകയും പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നതായി ഡോക്ടര്‍ പറഞ്ഞു.
മൂന്നാമത്തെ കുഞ്ഞ് മരിച്ചപ്പോള്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടത് പ്രകാരം അമൃത ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. എന്നാല്‍ മരണത്തിന് ഒരു കാരണവും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പല ജനിതക രോഗങ്ങളും ജീവിച്ചിരിക്കുമ്ബോള്‍ നടത്തുന്ന രക്തപരിശോധനയിലൂടെയേ കണ്ടെത്താന്‍ സാധിക്കൂ. ഇത്തരം രോഗങ്ങളില്‍ സാധാരണ ഒരു വയസ്സിന് മുന്‍പുള്ള കുട്ടികളിലാണ് മരണം സംഭവിക്കാറുള്ളത്. നാലര വയസ്സുള്ള കുട്ടി മരിച്ചത് അപൂര്‍വമാണെന്നും ഡോ. നൗഷാദ് പറഞ്ഞു.
തറമ്മല്‍ റഫീഖ് -സബ്ന ദമ്ബതിമാരുടെ ആറ് മക്കളാണ് ഒമ്ബത് വര്‍ഷത്തിനിടെ മരിച്ചത്. 93 ദിവസം പ്രായമുള്ള ആറാമത്തെ കുഞ്ഞ് ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. മരണശേഷം രാവിലെ പത്തുമണിയോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താതെ സംസ്കരിക്കുകയും ചെയ്തു. സംഭവത്തില്‍ സംശയം തോന്നിയ അടുത്ത വീട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
2010-ല്‍ ആയിരുന്നു റഫീക്കിന്റെയും സബ്നയുടെയും വിവാഹം. 2011 മുതല്‍ 2020 വരെ ഇവര്‍ക്ക് ആറു കുട്ടികള്‍ ജനിച്ചു. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമായിരുന്നു. ഇവരില്‍ അഞ്ചു കുട്ടികളും മരിച്ചത് ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴായിരുന്നു. നാലര വയസ്സിലാണ് ഒരു പെണ്‍കുട്ടി മരിച്ചത്.