റേഷന്‍ വിതരണ അഴിമതി കേസ്; ബംഗാള്‍ മന്ത്രി അറസ്റ്റില്‍
കൊല്‍കത:റേഷന്‍ വിതരണ അഴിമതി കേസില്‍ ബംഗാള്‍ വനം മന്ത്രി ജ്യോതിപ്രിയ മല്ലികിനെ ഇഡി അറസ്റ്റ് ചെയ്തു. കഴിഞ്ഞ മമത മന്ത്രിസഭയില്‍ ഭക്ഷ്യ മന്ത്രിയായിരിക്കെ ജ്യോതിപ്രിയ മല്ലിക് അഴിമതി നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു.
മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷമാണ് ഇഡി ജ്യോതിപ്രിയ മല്ലികിനെ അറസ്റ്റ് ചെയ്തത്. ന്യായവില കടകള്‍ വഴി വിതരണം ചെയ്യാനിരുന്ന ഗോതമ്പ് ഉയര്‍ന്ന വലയ്ക്ക് പുറത്തുള്ള വിപണിയില്‍ മറിച്ചുവിറ്റുവെന്നാണ് ആരോപണം.
കൊല്‍ക്കതയിലെ സാള്‍ട് ലേകിലുള്ള മല്ലിക്കിന്റെ രണ്ട് ഫ്ലാറ്റുകളില്‍ ഉള്‍പെടെ എട്ടിടങ്ങളില്‍ വ്യാഴാഴ്ച (26.10.2023) രാവിലെ എട്ട് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. റേഷന്‍ അഴിമതിക്കേസില്‍ പ്രതിയായ ബാകിബുര്‍ റഹ് മാനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ജ്യോതിപ്രിയ മല്ലിക്കിന്റെ പങ്ക് പുറത്തുവന്നത്. മന്ത്രിയുടെ പേഴ്സണന് സ്റ്റാഫ് അമിത് ഡേയുടെ നാഗര്‍ബസാറിലെ രണ്ട് വസതിയിലും പരിശോധന നടത്തി. നിരവധി രേഖകളും ഇ ഡി കണ്ടെത്തിയിരുന്നു. അതേസമയം താന്‍ ഗൂഢാലോചനയുടെ ഇരയെന്നാണ് അറസ്റ്റിനെക്കുറിച്ച് മന്ത്രി പ്രതികരിച്ചത്.