ട്രെയിനിൽ വിൻഡോ സീറ്റിൽ ഇരിക്കുമ്പോൾ സൂക്ഷിക്കണം; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും
കാസർകോട്: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലുമുള്ള പിടിച്ചുപറിയും തട്ടിപ്പും തടയാൻ ബോധവത്കരണവുമായി ആർ.പി.എഫ്. കാസർകോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ കൂടുതലായി എത്തുന്ന സമയത്ത് ആർ.പി. എഫ് എ.എസ്.ഐ ബിനോയ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പുകാർക്കെതിരെ പാലിക്കേണ്ട ജാഗ്രത സംബന്ധിച്ച് മുന്നറിയിപ്പുമായി എത്തിയത്.
സ്റ്റേഷനുകളിൽ മൊബൈൽ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും അലക്ഷ്യമായി ചാർജ് ചെയ്യാൻ വച്ചിട്ട് ദൂരെ മാറി ഇരിക്കുന്നത് മോഷ്ടാക്കൾ അവസരമാക്കുന്നുണ്ടെന്ന് എ.എസ്.ഐ ബിനോയ് കുര്യൻ യാത്രക്കാരോട് പറഞ്ഞു.
നിയമവിരുദ്ധമായി റെയിൽവേ ലൈനുകൾ ക്രോസ് ചെയ്യുന്നത് യാത്രക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്. ട്രെയിൻ നിൽക്കുംമുമ്പ് ഇറങ്ങുന്നതും വിട്ടുകഴിഞ്ഞാൽ കയറുന്നതുമടക്കമുള്ള കാര്യങ്ങളിൽ യാത്രകാർ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ഇവർ പറഞ്ഞു.എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഇത്തരം ബോധവൽക്കരണ പരിപാടികൾ തുടർന്ന് നടത്തുമെന്നും ആർ.പി.എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
ആഭരണങ്ങൾ മറച്ചുപിടിക്കൂ
കോച്ചിലെ ജനാലക്ക് സമീപം ഇരിക്കുന്ന സ്ത്രീകൾ മോഷ്ടാക്കളുടെ പിടിച്ചുപറി ഒഴിവാക്കാൻ സ്വർണാഭരണങ്ങൾ ഷാളു കൊണ്ടോ മറ്റോ മറച്ചുപിടിക്കണമെന്നും ആഭരണങ്ങൾ സ്വയം സൂക്ഷിക്കണമെന്നും ആർ.പി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
വിളിക്കൂ
ഹെൽപ്പ് ലൈൻ 139