കാസർകോട് പെട്രോൾ പമ്പിലെ അക്രമം; കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു
കാസർകോട്: പെട്രോൾ പമ്പിൽ അതിക്രമിച്ചു കയറി അതിക്രമം നടത്തുകയും
ജീവനക്കാരന്റെ ബൈക്കിനു കേടുപാടു വരുത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്ന കേസിൽ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. ബട്ടംപാറയിലെ മഹേഷി(32)നെയാണ് ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്. ഇരുപതോളം കേസുകളിൽ പ്രതിയായി കാപ്പ പ്രകാരം അറസ്റ്റിലായ മഹേഷ് അടുത്തിടെയാണ് സെൻട്രൽ ജയിലിൽ നിന്നു ഇറങ്ങിയത്. കഴിഞ്ഞ മാസം 30ന് ആണ് കേസിനാസ്പദമായ സംഭവം. സുഹൃത്തിന്റെ ബൈക്കുമായി ചന്ദ്രഗിരി ജംഗ്ഷനിലുള്ള പമ്പിൽ പെട്രോൾ അടിക്കുവാൻ എത്തിയതായിരുന്നു മഹേഷ്. ഇതിനിടയിൽ ജീവനക്കാരനുമായി തർക്കത്തിൽ ഏർപ്പെടുകയും വില്പനയ്ക്കു വച്ച ഓയിൽ നിലത്തേയ്ക്ക് തള്ളിയിടുകയും കൗണ്ടിംഗ് മെഷീൻ തകർക്കുകയുമായിരുന്നുവെന്നാണ് പരാതി.
തടയാൻ ചെന്നപ്പോഴാണ് ജീവനക്കാരന്റെ ബൈക്കിനു കേടുപാടു വരുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.