ഇസ്രായേലിനെ ആക്രമിച്ചത് ഭീകരർ;മുസ്ളിം ലീഗ് റാലിയിലെ പ്രസംഗത്തിൽ വിശദീകരണവുമായി ശശി തരൂർ; താൻ എന്നും പലസ്തീനൊപ്പമെന്ന് തരൂർ
കോഴിക്കോട്: മുസ്ളീം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഇസ്രയേലിനെ ആക്രമിച്ചത്
ഭീകരാണെന്ന തന്റെ പ്രസംഗത്തിൽ വിശദീകരണവുമായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂർ,താൻ എന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമായിരുന്നെന്ന് തരൂർ പ്രതികരിച്ചു.തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ട. പ്രസംഗത്തിലെ ഒരു വാചകം മാത്രം പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിംലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ മനുഷ്യവകാശ റാലിയിൽ മുഖ്യാതിഥിയായി സംസാരിക്കവെയാണ് ഹമാസ് ഭീകരാണ് ഇസ്രയേലിനെ ആക്രമിച്ചതെന്ന തരൂരിന്റെ പരാമർശം. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രയേലിൽ ആക്രമണം നടത്തി 1400 പേരെ കൊന്നു. ഇരുന്നൂറോളം പേരെ ബന്ദികളാക്കി.അതിന്റെ മറുപടിയായാണ് ഇസ്രയേൽ ഗാസയിൽ ബോംബിംഗ് നടത്തി 6000 പേരെ കൊന്നതെന്ന് തരൂർ പറഞ്ഞു. ഇസ്രേലി പ്രതികാരം അതിരുകടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്വാസം മുട്ടുന്ന അധിനിവേശ പ്രദേശമാണ് പലസ്തീൻ.കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഗാസയിൽ നടക്കുന്നത്. ഇസ്രായേലിൽ 1400 പേർ ബോംബാക്രമണത്തിൽ മരിച്ചപ്പോൾ ഗാസയിൽ ചത്തുവീണത് ആറായിരം പേരാണ്.15 വർഷക്കാലം നടന്നതിനേക്കാൾ കടുത്ത ക്രൂരത 19 ദിവസം കൊണ്ട് ഉണ്ടായി.
അവിടേക്കുള്ള വെള്ളവും ഭക്ഷണവും വൈദ്യുതിയും നിർത്തി. പെട്രോൾ വിതരണം തടഞ്ഞു. ആശുപത്രികൾ ആക്രമിക്കപ്പെടുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരപരാധികൾ മരിച്ചുവീഴുന്നു. യുദ്ധത്തിന് ചില അന്താരാഷ്ട്ര നിയമങ്ങളുണ്ട്. അതെല്ലാം ഇവിടെ ലംഘിക്കപ്പെട്ടു. മതം നോക്കിയല്ല ബോംബ് വീഴുന്നത്. ഭീകര ആക്രമണം രണ്ടുഭാഗത്തുനിന്നും ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ ആക്രമണം നിർത്തി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും തരൂർ പറഞ്ഞിരുന്നു. തരൂരിന്റെ പ്രസംഗത്തിനെതിരെ സി പി എമ്മും സമസ്തയും രംഗത്തെത്തിയിരുന്നു.