‘സമസ്തയും മുസ്ലിം ലീഗും ഉറ്റ ബന്ധുക്കൾ, പ്രശ്നങ്ങൾ നൈമിഷികം’; പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ
റിയാദ്: സമസ്തയും മുസ്ലിം ലീഗും ഉറ്റ ബന്ധുക്കളാണെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. പ്രശ്നങ്ങൾ നൈമിഷികമാണ്. രാഷ്ട്രീയമാവുമ്പോൾ ചില വിഷയങ്ങൾ സ്വാഭാവികമാണ്. ഒരു വിഭാഗീയതയും ഉണ്ടാവില്ല. എല്ലാം ചർച്ച ചെയ്തു പരിഹരിച്ചിട്ടുണ്ടെന്നും മുനവ്വറലി ശിഹാബ് തങ്ങൾ സൗദിയിൽ പറഞ്ഞു. സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണ് മുനവ്വറലി തങ്ങളുടെ പരാമർശം.
മുസ്ലിം ലീഗ്-സമസ്ത തർക്കം മുറുകുന്നതിനിടയിൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ലീഗ് സംസ്ഥാന അധ്യക്ഷനെ പതിവായി കാണാറുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം. ജിഫ്രി തങ്ങളുടെ പരാമർശത്തോടും സലാം പ്രതികരിച്ചില്ല.