സർക്കാർ ആശുപത്രിയിൽ കാലാവധി കഴിഞ്ഞ മരുന്ന്! കോടികളുടെ അഴിമതി, നിഷ്പക്ഷ അന്വേഷണം വേണമെന്ന് സതീശൻ
തിരുവനന്തപുരം : സർക്കാർ ആശുപത്രിയിൽ കാലാവധി കഴിഞ്ഞ മരുന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ വിതരണം ചെയ്തുവെന്ന സിഎജി റിപ്പോർട്ടിലും, വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ ആശുപത്രിയിൽ ചാത്തൻ മരുന്ന് വിതരണം ചെയ്തെന്നത് ഞെട്ടിക്കുന്നതാണെന്നും കൃത്യമായ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുന്നു. മെഡിക്കൽ സർവീസ് കോർപ്പറേഷനിലെ സിഎജി റിപ്പോർട്ട് പ്രകാരം1610 ബാച്ച് മരുന്നുകൾക്ക് കാലാവധി സംബന്ധിച്ച് നിബന്ധന പാലിക്കപ്പെട്ടില്ല. 26 ആശുപത്രികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. ഗുണനിലവാരമില്ലാത്ത മരുന്നുകൾ പല ആശുപത്രികളിലും വിതരണം ചെയ്തു. രോഗികൾക്ക് ജീവഹാനി വരുത്തുന്ന രീതിയിൽ പണം തട്ടി. ഗുണനിലവാര പരിശോധനയിൽ ഗുരുതരമായ അലംഭാവമുണ്ടായി. ചില കമ്പനികളുടെ മരുന്ന് പരിശോധിച്ചിട്ടില്ല. ചാത്തൻ മരുന്നുകൾ സുലഭമായി. പർച്ചേസുകൾക്ക് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അംഗീകാരം നൽകി നിഷ്പക്ഷമായ അന്വേഷണം വേണം.