വെടിവെയ്പ്പ് കേസ്; പ്രതി അലി മുന്ന അറസ്റ്റിൽ; പിടിയിലായത് അധോലോക നായകൻ രവി പൂജാരിയുടെ വലംകൈ ആയ ഷാർപ്പ് ഷൂട്ടർ
കാസർകോട്: ബേവിഞ്ചയിലെ പൊതുമരാമത്തു കരാറുകാരന്റെ വീടിനുനേരെ വെടിയുതിർത്ത
കേസിലെ പ്രതിയും അധോലോക നായകൻ രവി പൂജാരിയുടെ വലം കൈയുമായ ഷാർപ്പ് ഷൂട്ടർ അറസ്റ്റിൽ, പൈവളിഗെ സ്വദേശി മുഹമ്മദ് ഹനീഫ എന്ന അലി മുന്നയെയാണ് മംഗ്ളൂരു സൗത്ത് ഡിവിഷൻ എ.സി.പി.ധന്യാ നായരും സംഘവും അറസ്റ്റു ചെയ്തത്. നിരവധി കേസുകളിൽ വാറന്റായതിനെ തുടർന്നാണ് അറസ്റ്റ്. അധോലോകനായകരായ രവി പൂജാരിയുടെയും കലിയോഗേഷിന്റെയും സംഘത്തിലെ അംഗമാണ് മുന്നയെന്ന് പൊലീസ് പറഞ്ഞു. മുന്നയ്ക്കെതിരെ കോണാലെ മംഗ്ളൂരു നോർത്ത്, പുത്തൂർ, ബർക്കെ, വിട്ള, ഉള്ളാൾ, ബംഗ്ളൂരു എയർപോർട്ട് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കേസുണ്ട്.
2010, 2013ലും ആയി രണ്ട് തവണയാണ് ബേവിഞ്ചയിലെ പൊതു മരാമത്തു കരാറുകാരന്റെ വീട്ടിനു നേരെ വെടിവെയ്പ് ഉണ്ടായത്. ഈ കേസു കൂടാതെ മുന്നക്കെതിരെ മഞ്ചേശ്വരത്തും കുമ്പളയിലും കേസുള്ളതായി പൊലീസ് പറഞ്ഞു.മംഗ്ളൂരു നോർത്ത് പൊലീസ് സ്റ്റേഷനിലും പുത്തൂരിലും മുന്നയ്ക്കെതിരെ വെടിവെയ്പ് കേസുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.