കോഴിക്കോട് ട്രാവലർ താഴ്ചയിലേയ്ക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു; 12പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: ട്രാവലർ നിയന്ത്രണം വിട്ട് താഴ്ചയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. കോഴിക്കോട് വടകരയിലാണ് സംഭവം. കോട്ടയം സ്വദേശിനി സാലിയ (60) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന 12പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് പുലർച്ചെ മാടപ്പള്ളി കോളേജ് സ്റ്റോപ്പിനടുത്തായിരുന്നു അപകടം. പാലായിൽ നിന്ന് കാസർകോട് വെള്ളരിക്കുണ്ടിലെ മരണവീട്ടിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അഗ്നിരക്ഷാസേന എത്തിയാണ് വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. പരിക്കേറ്റ മൂന്നുപേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മറ്റുള്ളവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, തമിഴ്നാട് തിരുവണ്ണാമലയിൽ കാറും ബസും കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു. കൃഷ്ണഗിരി ദേശീയ പാതയിൽ ഇന്ന് പുലർച്ചെയാണ് ദാരുണമായ സംഭവമുണ്ടായത്. പുതുച്ചേരിയിലെ പശ നിർമാണ ഫാക്ടറിയിൽ നിന്ന് വരുന്ന തൊഴിലാളികളടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ടാറ്റ സുമോ തമിഴ്നാട് റോഡ് ട്രാൻസ്പോർട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അസം സ്വദേശികളായ ആറ് തൊഴിലാളികളും തമിഴ്നാട് സ്വദേശിയായ ഒരാളുമാണ് മരിച്ചത്. അഞ്ചുപേർക്ക് സംഭവസ്ഥലത്ത് വച്ച് തന്നെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. രണ്ടുപേർ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സെൻഗം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.