തമിഴ്നാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഏഴുപേർക്ക് ദാരുണാന്ത്യം
ചെന്നൈ: കാറും ബസും കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം. തമിഴ്നാട് തിരുവണ്ണാമലയിലാണ് അപകടമുണ്ടായത്. കൃഷ്ണഗിരി ദേശീയ പാതയിൽ ഇന്ന് പുലർച്ചെയാണ് ദാരുണമായ സംഭവമുണ്ടായത്.
പുതുച്ചേരിയിലെ പശ നിർമാണ ഫാക്ടറിയിൽ നിന്ന് വരുന്ന തൊഴിലാളികളടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ടാറ്റ സുമോ തമിഴ്നാട് റോഡ് ട്രാൻസ്പോർട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അസം സ്വദേശികളായ ആറ് തൊഴിലാളികളും തമിഴ്നാട് സ്വദേശിയായ ഒരാളുമാണ് മരിച്ചത്. അഞ്ചുപേർക്ക് സംഭവസ്ഥലത്ത് വച്ച് തന്നെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. രണ്ടുപേർ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സെൻഗം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.
തമിഴ്നാട്ടിൽ കഴിഞ്ഞ ആഴ്ചയുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അടൂർ മണ്ണടി സ്വദേശികളായ സന്ദീപ് , അമൻ എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മൂന്ന് പേർക്കു പരുക്കേറ്റു. കൃഷ്ണഗിരി – ഹൊസൂർ പാതയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ബംഗളൂരുവിൽ വിദ്യാർത്ഥികളാണു മരിച്ച സന്ദീപും അമനും.