കൊട്ടാരക്കര: സ്കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാനായി വെട്ടിത്തിരിച്ച കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. സ്കൂട്ടറില്‍ ഇടിച്ച ബസ്, ട്രാന്‍സ്ഫോമറും വൈദ്യുതലൈനും ഇടിച്ചു തകര്‍ത്തു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടര്‍ യാത്രിക കൊട്ടാരക്കര പെരുംകുളം ചന്ദ്രകാന്തത്തില്‍ സ്മിത(39) യെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലവൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്യോഗസ്ഥയാണ് അപകടത്തില്‍ പരിക്കേറ്റ സ്മിത. ചൊവ്വാഴ്ച രാവിലെ 11.40നു ദേശീയപാതയില്‍ ചെങ്ങമനാട് അരോമ ജംക്ഷനു സമീപമായിരുന്നു അപകടം നടന്നത്. സ്കൂട്ടര്‍ ബസിനടിയില്‍പ്പെട്ടു തകര്‍ന്നു.
കൊല്ലത്തുനിന്നു പുനലൂരിലേക്കു പോവുകയായിരുന്നു ബസ്. ബസിനു മുന്പില് സഞ്ചരിച്ച സ്കൂട്ടര്‍ വലതുഭാഗത്തെ ഇടറോഡിലേക്കു പോകാന്‍ തിരിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. എന്നാല്‍ സ്കൂട്ടറില്‍ തട്ടാതിരിക്കാന്‍ ബസ് വെട്ടിത്തിരിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പൊലീസിനു മൊഴി നല്കി.
അടിയില്‍പ്പെട്ട സ്കൂട്ടറില്‍നിന്നു യുവതി ബസിന്റെ വശത്തേക്കാണു തെറിച്ചുവീണത്. ഇതോടെ വലതുഭാഗത്തെ ട്രാന്‍സ്ഫോമര്‍ ബ്ലോക്കിലേക്കു ബസ് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ ട്രാന്‍സ്ഫോമര്‍ ദൂരേക്കു തെറിച്ചു വീണു. തല്‍ക്ഷണം വൈദ്യുതലൈന്‍ ഓഫായതിനാല്‍ ദുരന്തം ഒഴിവായി. അപകടസമയത്ത് ബസില്‍ മുപ്പതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റില്ല.