അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ആരോഗ്യ മന്ത്രിയും എംഎൽഎയുമായ വി എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്നലെ കേസെടുത്തു. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരുടെയും അഴിമതിക്കഥകൾ ഓരോന്നോരോന്നായി പുറത്തുവന്നിരുന്നു. അതിൽ അവസാനത്തെയാളാണ് ശിവകുമാർ. ശിവകുമാറിന്റെ 600 കോടിയുടെ എസ് കെ കുംഭകോണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ തിരുവല്ലം ഭാസിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.
മിസ്റ്റർ വി എസ് ശിവകുമാർ,
താങ്കളുടെ ഇന്നത്തെ കർമ്മഫലത്തിൽ സന്തോഷിക്കുന്ന അനേകം പേരിൽ ഒരാളാണ് ഞാനും. രാഷ്ട്രീയത്തിൽ നെറികേടുകൾ സർവ്വസാധാരണമാണ് . പക്ഷെ നിങ്ങളെപ്പോലൊരു വഞ്ചകനും ചതിയനും കോൺഗ്രസ് രാഷ്ട്രീയത്തിൽ നിങ്ങൾക്കു പകരം വയ്ക്കാൻ മറ്റൊരാൾ ഉണ്ടെന്നു തോന്നുന്നില്ല. ലീഡറെ കൂടെനിന്നു ചതിച്ച ചരിത്രം അല്ല ഞാൻ പറയുന്നത്. അതിനുമുന്നേ താങ്കൾക്ക് പാർലമെന്റ് തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാൻ എന്നെകൊണ്ട് ലീഡർക്ക് മുന്നിൽ നടത്തിയ ഓരോ ഇടപെടലുകളും തുടർന്ന് സീറ്റ് താങ്കൾക്ക് ഉറപ്പാക്കുന്ന ദിവസം പ്രസ്തുത വിവരം സ്റ്റാച്യുവിലെ കാവിയാട് ദിവാകര പണിക്കരുടെ വീട്ടിൽ വിഭ്രാന്തിയിൽ നിന്നിരുന്ന നിങ്ങളെ ഇന്ദിരാഭവനിൽ നിന്നും ഞാൻ ആദ്യം വിളിച്ചു അറിയിക്കുന്നത് വരെയും, തുടർന്ന് എന്റെ ഫോട്ടോഗ്രാഫർ കെ ബി ജയചന്ദ്രനും (ഇപ്പോൾ മെട്രോ വാർത്തയിൽ) ഞാനും അവിടെ വേഗത്തിൽ എത്തുകയും എന്നെ കെട്ടിപിടിച്ചു താങ്കളുടെ കണ്ണുകൾ നിറഞ്ഞതും ഇന്നലെ പോലെ ഞാൻ ഓർക്കുന്നു.
അന്ന് ജയചന്ദ്രൻ എടുത്ത താങ്കളുടെ സുന്ദര ചിത്രവും ” പോരാട്ടങ്ങളിലൂടെ വളർന്ന യുവനേതാവ് ” എന്ന തലകെട്ടിൽ ഞാൻ എഴുതിയ ” വ്യാജ വാർത്തയും ” . ചേർത്ത് ലീഡ് വാർത്തയോടെ പ്രസിദ്ധികരിച്ച ” ഫ്രീലാൻസ് ” പത്രത്തിന്റെ ഒരു കോപ്പി ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് . താങ്കൾ ആവശ്യപ്പെട്ടത് അനുസരിച്ചു 5000 കോപ്പി അധികമായി പ്രിൻറ് ചെയ്തു സിറ്റിയിൽ നിന്നും തമ്പാനൂരിൽ നിന്നും പുറപ്പെടുന്ന എല്ലാ ട്രാൻസ്പോർട്ട് ബസ്സുകളിലും ഞങ്ങളുടെ ഏജന്റുമാർ വഴി ജില്ലയുടെ വിവിധ ഭാഗങ്ങളിലും സൗജന്യമായി വിതരണം ചെയ്തത് താങ്കൾക്ക് മറക്കാൻ കഴിയില്ലെന്ന് അറിയാം . പിന്നീട് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ആയ കൈമനം വിദ്യാധരൻ സഹപ്രവർത്തകരുമായി അന്ന് രാത്രി പത്തു മണിവരെ ആ പത്രങ്ങൾ തമ്പാനൂരിൽ നിന്ന് നിങ്ങള്ക്ക് വേണ്ടി വിതരണം ചെയ്യുകയായിരുന്നു (വിദ്യാധരനെയും നിങ്ങൾ രാഷ്ട്രീയമായി ശരിക്കു ഉപദ്രവിച്ചു ) .തുടർന്നുള്ള ദിവസങ്ങളിൽ നിങ്ങളുടെ വിജയത്തിന് വേണ്ടിയായിരുന്നു ഫ്രീലാൻസ് മുടക്കമില്ലാതെ ഇറങ്ങിയിരുന്നത് . അതിനു ഒട്ടേറെ വിമർശനങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ട് . ഇതൊക്കെ താങ്കൾ മറന്നാലും അന്ന് നിങ്ങള്ക്ക് വേണ്ടി പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകർ മറക്കില്ല ..
ഇത്രയും എഴുതാൻ കാരണം .. അന്ന് ജയിച്ച ശേഷം പിന്നെ ഞാൻ താങ്കളെ ഇത്രയും വർഷത്തിനിടക്ക് ഒന്നോ രണ്ടോ തവണയേ നേരിൽ കണ്ടിട്ടുള്ളൂ… താങ്കൾ എന്നെ ബോധപൂർവ്വം ഒഴിവാക്കുന്നത് തിരിച്ചറിയാനുള്ള ബോധം എനിക്ക് ഉണ്ടായിരുന്നത് കൊണ്ട് മാത്രം, വീണ്ടും എംപി യും, എംഎൽഎയും മന്ത്രിയും ഒക്കെ ആയിട്ടും നിങ്ങളുടെ നിഴൽ വെട്ടത്തു വരാതിരിക്കാൻ ഞാനും ശ്രമിച്ചിരുന്നു … അന്ന് മനസ്സിൽ കുറിച്ചിട്ടതൊക്കെ ഇപ്പോൾ താങ്കൾ അനുഭവിക്കുന്നത് കാണുമ്പോൾ മനുഷ്യസഹജമായ ഒരു സന്തോഷം ഉള്ളിലുണ്ട് .
പിൻ കുറിപ്പ് – ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യകത കൂടി ഉണ്ട്.. താങ്കൾക് സ്ഥാനാർഥിത്വം ലഭിച്ച ദിവസം നമ്മൾ ഒരുമിച്ചാണ് തലസ്ഥാനത്തെ പത്രസ്ഥാപനങ്ങൾ സന്ദർശിക്കാൻ പോയത് , ഇന്ന് മരണപ്പെട്ട മണി സാറിനെ ഞാൻ ആദ്യമായി നേരിൽ കാണുന്നതും അന്നായിരുന്നു.