പതിനാറുകാരിയായ വിദ്യാർത്ഥിനി പീഡനത്തിനിരയായി; ഏഴു പേർക്കെതിരെ പോക്സോ കേസ്
കാസർകോട്: ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ
പട്ടികവർഗ്ഗ വിഭാഗക്കാരിയായ പതിനാറുകാരിയെ നിരവധി പേർ പീഡിപ്പിച്ചു. ഏഴുപേരെ പ്രതികളാക്കി പൊലീസ് ഏഴു പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിനു ഇരയായത്. സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട ഒരാളാണ് ആദ്യം പീഡിപ്പിച്ചത്. യുവാവ് തന്നെ പീഡിപ്പിച്ചുവെന്നു കാണിച്ച് പെൺകുട്ടി നൽകിയ പരാതിയിൽ ഇക്കഴിഞ്ഞ ആഗസ്ത് മാസത്തിൽ കേസെടുത്തിരുന്നു. ഈ കേസ് അന്വേഷണത്തിനിടയിൽ പെൺകുട്ടിയെ കൂടുതൽ പേർ പീഡിപ്പിച്ചതായി അന്വേഷണ സംഘത്തിനു സൂചന ലഭിച്ചത്. ഇതേ തുടർന്ന് വിശദമായ കൗൺസിലിംഗിനു പെൺകുട്ടിയെ വിധേയമാക്കിയപ്പോഴാണ് മറ്റു ഏഴുപേർ കൂടി പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലും സമയങ്ങളിലും പീഡിപ്പിച്ചതെന്നു വ്യക്തമായത്. തുടർന്നാണ് ഏഴു പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത്.