ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയുമായുമായും ബന്ധപ്പെട്ട് ആരുമായും എപ്പോള്‍ വേണമെങ്കിലും സംവാദത്തിന് തയ്യാറാണെന്ന് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇംഗ്ലീഷ് ചാനലായ ടൈംസ് നൗ സംഘടിപ്പിച്ച ടൈംസ് നൗ സമ്മിറ്റില്‍ സംസാരിക്കവേ പറഞ്ഞത്.
അതേദിവസം തന്നെ മുന്‍ ഐ.ഐ.എസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന് അമിത്ഷായോട് സംവാദത്തിന് സമയം ചോദിച്ച് കത്തയച്ചു .പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവ സംബന്ധിച്ച് ചര്‍ച്ച നടത്താനുള്ള ക്ഷണം സ്വീകരിക്കുകയാണെന്നും സമയം അനുവദിക്കണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.
താന്‍ ഇപ്പോള്‍ ദല്‍ഹിയില്‍ ഇല്ലാത്തതിനാല്‍ ചര്‍ചക്കുള്ള സമയം ഒരുദിവസം മുന്‍കൂട്ടി അറിയിക്കണമെന്നും കണ്ണന് ഗോപിനാഥന് കത്തില്‍ പറഞ്ഞിരുന്നു അമിത് ഷായെ ടാഗ് ചെയ്ത് ഇതേവിഷയത്തില്‍ അദ്ദേഹം ട്വീറ്റും ചെയ്തിരുന്നു.എന്നാല്‍, അമിത് ഷാ പ്രഖ്യാപിച്ച മൂന്നുദിവസ പരിധി അവസാനിച്ചിട്ടും ഇതുവരെ തനിക്ക് മറുപടിയൊന്നും ലഭിച്ചില്ലെന്ന് കണ്ണന് ഗോപിനാഥന് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.
‘മൂന്നു ദിവസമായി. ഒരു പ്രതികരണവുമില്ല. അമിത് ഷായുടെ വാക്കുകള്‍ക്ക് ഒരു വിലയും നല്‍കരുതായിരുന്നു. ഇത് ഒരു തരം കബളിപ്പിക്കലാണ്. ടെലിവിഷന്‍ ചാനലിലിരുന്ന് എന്തെങ്കിലും വിളിച്ചുപറയുക, എന്നിട്ട് രക്ഷപ്പെടുക എന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ക്ക് ചേര്‍ന്നതല്ല. താങ്കള്‍ ഭയപ്പെടേണ്ടഞാനിനി ഇതിന്റെ പിന്നാലെ കൂടുന്നില്ല. പക്ഷേ, ഇത് ജനാധിപത്യത്തിലെ ഒരു പാഠമായി ഉള്‍ക്കൊള്ളുക.’ എന്നായിരുന്നു കണ്ണന് ഗോപിനാഥന് ട്വീറ്റ് ചെയ്തത്.ഇതിന് പിന്നാലെ തന്നെ അമിത് ഷായുമായി സംവാദത്തിന് അവസരം ചോദിച്ച് സ്വരാജ് ഇന്ത്യ തലവന്‍ യോഗേന്ദ്ര യാദവും രംഗത്തെത്തി. സി.എ.എ, എന്‍.ആര്.സി, എന്‍.പി.ആര് വിഷയവുമായി ബന്ധപ്പെട്ട് ഒരു തുറന്ന ചര്‍ച്ച നടത്താന്‍ അമിത് ഷാ തയ്യാറാവണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. എന്നാല്‍ ഇതുവരെ ഈ കത്തിനും അമിത് ഷായുടെ ഓഫീസ് മറുപടി നല്‍കിയിട്ടില്ല.
ടൈംസ് നൗസ് സമ്മിറ്റില്‍ സംസാരിക്കവേ സി.എ.എ എന്‍.ആര്.സി വിഷയത്തില്‍ ആര്‍ക്ക് വേണമെങ്കിലും താനുമായി ചര്‍ച്ച നടത്താമെന്നും തന്റെ ഓഫീസില്‍ നിന്നും സമയം ചോദിക്കുന്ന പക്ഷം മൂന്ന് ദിവസത്തിനുള്ളില്‍ സമയം അനുവദിക്കുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. നിറഞ്ഞ കയ്യടിയോടെയായിരുന്നു അമിത് ഷായുടെ ഈ പ്രഖ്യാപനത്തെ സദസ്സ് ഈ പ്രഖ്യാപനത്തിനെ എതിരേറ്റത്.