ഏകദിന ലോകകപ്പ്: ‘കോഹ്ലി ആളുകളെ ഭയപ്പെട്ടു’, ബാറ്റിംഗ് വേളയില്‍ പറഞ്ഞത് വെളിപ്പെടുത്തി രാഹുല്‍
ഏകദിന ലോകകപ്പിലെ തങ്ങളുടെ നാലാം മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയുടെ 48-ാം ഏകദിന സെഞ്ച്വറി നേട്ടമാണ് ഇന്ത്യന്‍ ജയം അനയാസമാക്കിയത്. എന്നിരുന്നാലും, ഈ നാഴികക്കല്ല് കടക്കുക എന്നത് കോഹ്ലിയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. 38 ഓവറുകള്‍ പിന്നിടുമ്പോള്‍ 73* (77) എന്ന നിലയില്‍ കോഹ്ലി ബാറ്റ് ചെയ്യുകയായിരുന്നു, ഇന്ത്യയ്ക്ക് ജയിക്കാന്‍ 28 റണ്‍സ് മാത്രം മതിയായിരുന്നു.
തുടര്‍ന്ന് കെഎല്‍ രാഹുലില്‍നിന്ന് ലഭിച്ച മികച്ച പിന്തുണയാണ് കോഹ്ലിയെ സെഞ്ച്വറി നേട്ടത്തിന് സഹായിച്ചത്. ഇപ്പോഴിതാ ക്രീസില്‍ നില്‍ക്കെ കോഹ്ലിയുമായുള്ള സംഭാഷണത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രാഹുല്‍. സിംഗിള്‍സ് ഓടാന്‍ കോഹ്ലി തന്നോട് ആവശ്യപ്പെട്ടതായും അല്ലെങ്കില്‍ താന്‍ വ്യക്തിതാല്‍പ്പര്യത്തിന് വേണ്ടി കളിക്കുകയാണെന്ന് ആളുകള്‍ കരുതുമെന്നും കോഹ്ലി പറഞ്ഞെന്ന് രാഹുല്‍ വെളിപ്പെടുത്തി. എന്നിരുന്നാലും, ഇന്ത്യ അനായാസം കളി ജയിക്കുമെന്നതിനാല്‍ നാഴികക്കല്ലിലെത്താന്‍ രാഹുല്‍ കോഹ്ലിയെ പിന്തുണച്ചു.
ഞാന്‍ സിംഗിള്‍ നിരസിച്ചപ്പോള്‍ കോഹ്ലി പറഞ്ഞത് ഇത് തെറ്റായ രീതിയാണെന്നാണ്. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായാണ് കളിക്കുന്നതെന്ന് ആളുകള്‍ ചിന്തിക്കുമെന്നാണ് കോഹ്ലി പറഞ്ഞു. എന്നാല്‍ നമ്മള് വിജയമുറപ്പിച്ചതിനാല്‍ നിങ്ങള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കണം എന്നാണ് ഞാന്‍ കോഹ്ലിയോട് പറഞ്ഞത്- രാഹുല്‍ മത്സരശേഷം വെളിപ്പെടുത്തി.
മത്സരത്തില്‍ ഏഴുവിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. കോഹ്ലി 97 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും നാല് സിക്സിന്റെയും സഹായത്തോടെ 103 റണ്‍സെടുത്തും രാഹുല്‍ 34 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.