ഭാര്യയെ കൊന്ന കേസിലെ പ്രതി 19 വർഷത്തിന് ശേഷം പോലീസിന്റെ പിടിയിൽ
ആലപ്പുഴ: ഭാര്യയെ കൊന്ന ശേഷം തലയറുത്തെടുത്ത കേസിലെ പ്രതി 19 വർഷത്തിന് ശേഷം
പോലീസ് പിടിയിൽ. കേസ് വിചാരണക്കിടെ ഒളിവിൽ പോയ മാന്നാർ കുട്ടമ്ബേരൂർ
താമരപ്പള്ളിൽ വീട്ടിൽ കുട്ടികൃഷ്ണൻ ജി.പി (55) ആണ് പിടിയിലായത്.രഹസ്യവിവരത്തെ തുടർന്ന്
നടത്തിയ അന്വേഷണത്തിൽ എറണാകുളം തൃക്കാക്കരയിൽ വെച്ചാണ് ഇയാളെ പോലീസ്
പിടികൂടിയത്.2004 ഏപ്രിൽ രണ്ടിനാണ് കുട്ടികൃഷ്ണൻ ഭാര്യ ജയന്തിയെ (32) താമരപ്പള്ളിയിലെ
വീട്ടിൽ വച്ച് കൊലപ്പെടുത്തുന്നത്. അന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ഇതിനിടെ
കുട്ടികൃഷ്ണൻ ജയന്തിയുടെ തല ഭിത്തിയിലടിപ്പിക്കുകയുമായിരുന്നു. ബോധംകെട്ട് വീണ
ജയന്തിയുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ച് മരണം ഉറപ്പ് വരുത്തി. ശേഷം
തലയറുത്തെടുക്കുകയായിരുന്നു.സംഭവദിവസം രാത്രി തന്റെ ഒന്നേകാൽ വയസുള്ള
മകൾക്കൊപ്പം ഇയാൾ ജയന്തിയുടെ മൃതദേഹത്തിനടുത്ത് കിടന്നുറങ്ങി. പിറ്റേ ദിവസം
കൊലപാതക വിവരം പുറത്തറിയുകയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വിവാഹ മോചിതയാണെന്നുള്ള കാര്യം ജയന്തി മറച്ചുവെച്ചത് കുട്ടികൃഷ്ണനിൽ വൈരാഗ്യം
ഉളവാക്കിയിരുന്നു. മറ്റ് പുരുഷന്മാരുമായി ബന്ധം ഉണ്ടെന്ന സംശയവും ഉണ്ടായതോടെയാണ്
ഇയാൾ ഭാര്യയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. കുട്ടികൃഷ്ണന്റെയും രണ്ടാം
വിവാഹിതമായിരുന്നു ഇത്.റിമാൻഡിൽ കഴിഞ്ഞ കുട്ടികൃഷ്ണൻ ജാമ്യത്തിലിറങ്ങിയ ശേഷം
മാവേലിക്കര ഒന്നാം ക്ലാസ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ വിസ്താര
നടപടികൾക്കായി കേസ് അവധിക്ക് വെച്ച സമയത്താണ് ഒളിവിൽ പോയത്.