പ്രവാസികൾക്ക് കനത്ത തിരിച്ചടി, നാലംഗ കുടുംബത്തിന് നാട്ടിലെത്തണമെങ്കിൽ കുറഞ്ഞത് ഒന്നരലക്ഷം രൂപ ചെലവാകും; ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി
മലപ്പുറം: ക്രിസ്മസ്, ന്യൂ ഇയർ. ഗൾഫ് മലയാളികൾ കുടുംബസമേതം നാട്ടിലെത്തുന്ന സമയം. കൊള്ളയ്ക്ക് കിട്ടുന്ന അവസരം വിമാനക്കമ്പനികൾ വിടുമോ? നവംബർ 24 മുതൽ ഡിസംബർ 31 വരെ ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി കൂട്ടി.
ജിദ്ദയിൽ നിന്ന് നാട്ടിലെത്താൻ നാലംഗ കുടുംബത്തിന് രണ്ട് ലക്ഷം രൂപയിലധികം വേണം. എയർ ഇന്ത്യ എക്സ്പ്രസിൽ 55,000 -73,000 രൂപയാണ് നിരക്ക്. 13,000 രൂപയുടെ ടിക്കറ്റിനാണ് ഈ വർദ്ധന. ദുബായിൽ നിന്നാണെങ്കിൽ നാലംഗ കുടുംബത്തിന് കുറഞ്ഞത് ഒന്നര ലക്ഷം ചെലവാകും. 37,000 മുതൽ 43,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. സാധാരണ 10,000 രൂപ മതി.
ഇന്ധന വില കൂടിയതാണ് നിരക്ക് വർദ്ധനയ്ക്ക് കാരണമായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. എന്നുവച്ച് അവധി, ഉത്സവ സീസൺ നോക്കി ഇങ്ങനെ പിടിച്ചുപറിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. വിഷു, ഓണം, ഗൾഫിലെ സ്കൂൾ അവധിക്കാലം എന്നീ അവസരങ്ങളിലും ടിക്കറ്റ് നിരക്ക് ഇങ്ങനെ കൂട്ടാറുണ്ട്.