മുംബൈ: ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻപിആർ) മഹാരാഷ്ട്രയിൽ തടയില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്‍പിആര്‍ പട്ടികയുടെ എല്ലാ വശങ്ങളും പരിശോധിച്ചെന്നും അത് നടപ്പിലാക്കുന്നതില്‍ കുഴപ്പങ്ങളൊന്നുമില്ലെന്നും ഉദ്ധവ് പറഞ്ഞു.
എന്‍ആര്‍സി നടപ്പിലാക്കിയാല്‍ അത് ഹിന്ദുക്കളേയും മുസ്ലീങ്ങളേയും മാത്രമല്ല, ആദിവാസികളേയും ബാധിക്കും. അതേസമയം എന്‍പിആര്‍ എന്നത് സെന്‍സസ് ആണ്. ഞാന്‍ മനസിലാക്കിയത് അത് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണ്. അത് എല്ലാ 10 വര്‍ഷം കൂടുമ്പോഴും ആവര്‍ത്തിക്കുന്നതാണ്.’ ഉദ്ധവ് താക്കറെ പറഞ്ഞു.
അതേസമയം, ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും പൗരത്വഭേദഗതി നിയമം (സിഎഎ), എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ വ്യത്യസ്ഥ വിഷയങ്ങളാണെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.
നേരത്തെ കേരളം, ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ എന്‍പിആറിനെതിരെ രംഗത്ത് എത്തിയിരുന്നു. കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതേ നിലപാട് തന്നെയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാറും എടുത്തത്.