സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ തോക്ക് ചൂണ്ടി കവർച്ച നടത്തിയ പ്രതികൾ മണിക്കുറുകൾക്കകം പിടിയിൽ
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ തോക്ക് ചൂണ്ടി കവർച്ച നടത്തിയ പ്രതികൾ 48 മണിക്കുറിനുള്ളിൽ പിടിയിലായി. കരുനാഗപ്പള്ളി കല്ലേലിൽഭാഗം അമ്പലവേലിൽ കിഴക്കേതറ അബ്ദുൾ സക്കറിയ മകൻ അനസ്മോൻ(33), കരുനാഗപ്പള്ളി ഇടക്കുളങ്ങര പുലിയൂർവഞ്ചി തെക്ക് താഹമൻസിലിൽ താഹ മകൻ അൽഅമീൻ(25) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ പത്താംതീയതി തഴവ ചെട്ടയത്ത്മുക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഹെൽമെറ്റ് ധരിച്ച് മുഖം മറച്ച് എത്തിയ യുവാവ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 48300 രൂപയും 33.8 ഗ്രാം സ്വർണവും അടങ്ങിയ ബാഗ് കവർന്നെടുക്കുകയായിരുന്നു.വിവരമറിഞ്ഞ് കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യ്ത് ഉടൻ അന്വേഷണം ആരഭിക്കുകയും, പ്രതികളുടെ പരമാവധി സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ മുഖം മറച്ചും, വാഹന നമ്പർ ഇല്ലാതെയും ആണ് ഇവർ സഞ്ചരിച്ചത്. സിസിടിവികളിൽ പതിയാതിരിക്കാൻ വഴികൾ മാറി സഞ്ചരിച്ച പ്രതികൾ ഒടുവിൽ പോലീസിന്റെ പിടിയിൽ ആവുകയായിരുന്നു. ജില്ലാ പോലീസ് മേധാവി അടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ കാര്യക്ഷമമായ അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ സഹായകമായത്. ഇതിനായി 200 ൽ അധികം സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയും പ്രതികളുടെ ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കരുനാഗപ്പള്ളിയിൽ ദേശിയപാതയിൽ പുതിയതായി തുടങ്ങിയ ടീ ഷോപ്പ് പ്രതികൾ നടത്തുന്നതാണെന്ന് തിരിച്ചറിഞ്ഞ് ഇവരെ അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസി ന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി എസിപി വി.എസ് പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജു, എസ്.ഐ മാരായ ഷമീർ, ഷാജിമോൻ എ.എസ്.ഐ മാരായ ജോയി, വേണുഗോപാൽ, എസ്.സി.പി.ഒ മാരായ രാജിവ്, ഹാഷിം, ബഷീർഖാൻ എന്നിവരും ജില്ലാ ഡാൻസാഫ് ടീം അംഗങ്ങളും അടങ്ങിയ പോലീസ് സംഘം നടത്തിയ കൂട്ടായ പ്രവർത്തനമാണ് പ്രതികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യാൻ ഇടയാക്കിയത്. അന്വേഷണത്തിൽ പൊതുജനങ്ങളുടെ പൂർണ്ണമായ പിന്തുണയും സഹകരണവും ലഭിച്ചതായി ജില്ലാ പോലീസ് മേധാവി അഭിപ്രായപ്പെട്ടു.