എരുമേലിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു; 17 പേർക്ക് പരിക്ക്, വാഹനത്തിലുണ്ടായിരുന്നത് 43 പേർ
കോട്ടയം: അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. എരുമേലി അട്ടിവളവിൽ ഇന്ന് രാവിലെ ആറുമണിക്കാണ് അപകടമുണ്ടായത്. കർണാടക കോലാറിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 17 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
43 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരിൽ 15 പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ശബരിമല പാതയിൽ ഒന്നര മണിക്കൂറിലേറെ നേരം ഗതാഗത തടസം നേരിട്ടിരുന്നു.
ബസ് മറിഞ്ഞ പ്രദേശം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറയുന്നു. പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ വാഹനം മറിയുകയായിരുന്നുവെന്നാണ് വിവരം. മുന്നറിയിപ്പ് ബോർഡുകൾ മേഖലയിൽ ഇല്ലാതിരുന്നതും അപകടത്തിന് കാരണമായതായി ആരോപണമുണ്ട്.