‘നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ സ്വന്തം മക്കളെയും കൊലപ്പെടുത്തുകയാണ് ‘; ആശുപത്രി ആക്രമണത്തിൽ പ്രതികരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ടെൽ അവീവ്: ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരിച്ചവരുടെ സംഖ്യ 500 കടന്നു.ഇസ്രയേലിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇന്നലെ രാത്രിയോടെയാണ് അൽ -അഹ്ലി ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. യുദ്ധത്തിൽ വീടു നഷ്ടപ്പെട്ടവരും പരിക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകൾ ആശുപത്രിയിലുണ്ടായിരുന്നു.
സംഭവത്തിൽ പ്രതികരണവുമായി ഹമാസും രംഗത്തെത്തി. ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) നടത്തിയ വ്യോമാക്രമണമാണ് ഇതിന് പിന്നിൽ എന്നാണ് ഹമാസിന്റെ ആരോപണം. അതേസമയം പാലസ്തീൻ തീവ്രവാദി സംഘടനായ ഇസ്ലാമിക് ജിഹാദ് തെറ്റായി മിസൈൽ പ്രയോഗിച്ചതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്.
ഇസ്രയേൽ – ഹമാസ് യുദ്ധത്തിനിടെ ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ടെൽ അവീവ് സന്ദർശിക്കാനിരിക്കുന്നതിന് മുൻപായിരുന്നു ആക്രമണം. ജോബൈഡൻ ഇന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൽ നെതന്യാഹുമായി കൂടിക്കാഴ്ച നടത്തും. സ്ഫോടനത്തെ തുടർന്ന് ജോർദാനിലെ അമ്മാനിൽ ഇന്ന് സംഘടിപ്പിക്കാനിരുന്ന പ്രാദേശിക ഉച്ചക്കോടി റദ്ദാക്കിയതായി ജോർദാൻ വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു. ജോർദാൻ രാജാവ് അബ്ദുളള രണ്ടാമൻ, പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസി തുടങ്ങിയവരുമായി ബൈഡൻ കൂടിക്കാഴ്ച നടത്തേണ്ടതായിരുന്നു.
ആശുപത്രിയിലെ ആക്രമണത്തിൽ ബൈഡൻ രോഷം പ്രകടിപ്പിക്കുകയും ഇതിനെക്കുറിച്ച് അന്വേഷിക്കാൻ രാജ്യത്തെ പ്രത്യേക അന്വേഷണ സംഘടനയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരണവുമായി രംഗത്തെത്തി. ഗാസയിൽ നിന്നുള്ളവർ തന്നെയാണ് ആശുപത്രിക്കു നേരെ ആക്രമണം നടത്തി നൂറു കണക്കിന് ആളുകളെ കൊലപ്പെടുത്തിയതെന്ന് ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോപണം.
‘ലോകം മുഴുവൻ ഇക്കാര്യം അറിയണം. ഗാസയിലെ ക്രൂരരായ ഭീകരവാദികളാണ് ആശുപത്രി ആക്രമിച്ചത്. അല്ലാതെ ഇസ്രയേൽ പ്രതിരോധ സേനയല്ല. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ സ്വന്തം മക്കളെയും കൊലപ്പെടുത്തുകയാണ്’ – നെതന്യാഹു എക്സിൽ കുറിച്ചു. ഗാസയിലെ ഭീകരർ നടത്തിയ മിസൈൽ ആക്രമണത്തിനിടെ തൊട്ടുചേർന്നു പോയ മിസൈലാണ് അൽ – അഹ്ലി ആശുപത്രിയിൽ സ്ഫോടനത്തിനു കാരണമായതെന്നാണ് ഐഡിഎഫ് നടത്തിയ വിശകലനത്തിൽ വ്യക്തമാകുന്നത്.