ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം; എല്ലാ പ്രശ്നങ്ങൾക്കും കാരണം ഇസ്രായേൽ അധിനിവേശം: സൗദി അറേബ്യ
റിയാദ്: ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തിൽ ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ. ഇസ്രായേൽ നടത്തിയത് ഏറ്റവും ക്രൂരമായ ആക്രമണമാണ്. ഒരു നിലക്കും അംഗീകരിക്കാൻ കഴിയാത്തതാണത്. ഇസ്രയേൽ അധിനിവേശ സൈന്യമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാണ് യുദ്ധക്കുറ്റങ്ങൾ അവർ തുടരുന്നത്. ഗസ്സയിലേക്ക് സഹായത്തിനുള്ള പാത ഉടൻ തുറക്കണം. ഗസ്സയിലേക്ക് മരുന്നും ഭക്ഷണവും എത്തിക്കണം. ഇതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ വേണമെന്നും സൗദി ആവശ്യപ്പെട്ടു.
ഗസ്സയിലെ ആശുപത്രി ആക്രമണത്തെ അപലപിച്ച് യു.എ.ഇ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തി. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു. സിവിലിയൻമാരെ ലക്ഷ്യമിടുന്നത് ശരിയല്ല. അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും പാലിക്കപ്പെടണമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഗസ്സ സിറ്റിയിലെ അൽ അഹ്ലി ആശുപത്രിക്ക് നേരെയാണ് ഇസ്രായേൽ വ്യോമസേന മുന്നറിയിപ്പില്ലാതെ ആക്രമണം നടത്തിയത്. 500ൽ ഏറെപ്പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സിവിലിയൻമാരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇസ്രായേലിന് ലഭിക്കാൻ പോകുന്നത് കടുത്ത പ്രതികരണമായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രായേൽ നടത്തിയത് യുദ്ധകുറ്റമാണെന്ന് റഷ്യ പ്രതികരിച്ചു. ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം അമേരിക്കക്കാണെന്നും റഷ്യ ആരോപിച്ചു.