ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അറസ്റ്റ്; ബസ് ഡ്രൈവറും ഉടമയും പിടിയില്‍
കോഴിക്കോട്: വേങ്ങേരിയിൽ സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ
ബസ് ഉടമയും ഡ്രൈവറും അറസ്റ്റിലായി. ബസ് ഉടമ അരുൺ, ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയിലാണ് ചേവായൂർ ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഡ്രൈവർ അഖിലിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. ഉടമയ്ക്കതിരെ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തി. തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് വെങ്ങളം ബൈപ്പാസിൽ വേങ്ങേരിയിൽ അപകടമുണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കക്കോടി സ്വദേശികളായ ഷൈജു കെ പി എന്ന ഗോപി(43), ഭാര്യ ജീമ (38) എന്നിവരാണ് മരിച്ചത്. മുമ്പിലുണ്ടായിരുന്ന സ്വകാര്യബസ് ബ്രേക്കിട്ടപ്പോൾ സ്കൂട്ടറും ബ്രേക്കിട്ടു. എന്നാൽ ഇവരുടെ പിന്നിലുണ്ടായിരുന്ന മറ്റൊരു സ്വകാര്യ ബസ് സ്കൂട്ടറിനെയും മറ്റൊരു ബൈക്കിനെയും ഇടിച്ചുവീഴ്ത്തി മുൻപിലുണ്ടായിരുന്ന സ്വകാര്യബസിന്റെ പിറകിലിടിക്കുകയായിരുന്നു. അപകടത്തിൽ മറ്റൊരു ബൈക്ക് യാത്രികനും ബസിലെ 5 യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.