കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് പെൻഷൻ തുക കിട്ടാതായിട്ട് ഏഴു മാസം
കാസര്‍കോട്: കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് പെൻഷൻ തുക കിട്ടാതായിട്ട് ഏഴു മാസമായി. ദുരിതബാധിതർക്കുള്ള സൗജന്യ മരുന്ന് വിതരണവും ചികിത്സാ സഹായവും നിലച്ചു.
എൻഡോസൾഫാൻ ദുരിതബാധിതനായ ഹസന് എല്ല് പൊടിയുന്ന രോഗമാണ്. ഇതുവരെ 16 ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട് ഈ പത്തുവയസ്സുകാരൻ. രോഗം തളർത്തുമ്പോഴും പുഞ്ചിരിയോടെ അതിനെ നേരിടാൻ കരുത്ത് പകരുന്നത് എൻഡോസൾഫാൻ ദുരിതബാധിതയായ സഹോദരി അലീമത്ത് ഷംന. സമാന രോഗബാധിതയാണ് ഷംനയും. കാസർകോട് ഗവ. കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ് ഷംന. ഇരുപത് വയസ്സിനിടെ 25 ശസ്ത്രക്രിയ നടത്തിയാണ് ഷംനയ്ക്ക് ഇരിക്കാൻ സാധിച്ചത്. ഇരുവരുടെയും ചികിത്സയ്ക്കായി 40 ലക്ഷത്തോളം രൂപ കുടുംബത്തിന് ഇതുവരെ ചെലവായി. ടാക്സി ഡ്രൈവറായ എൻ.എം. സീതി-മൈമുന ദമ്പതിമാരുടെ മകളാണ് ഇവർ. ഇവർക്ക് സർക്കാരിൽ നിന്നും ലഭിച്ചിരുന്ന പെൻഷൻ ഏറെ ആശ്വാസമായിരുന്നു.
കിടപ്പ് രോഗികൾക്ക് 2200 രുപയും മറ്റു രോഗികൾക്ക് 1600 രൂപയും. ദുരിതബാധിതരെ പരിചരിക്കുന്നവർക്ക് 700 രുപയുമാണ് പെൻഷൻ നൽകിയിരുന്നത്. ഇത് കഴിഞ്ഞ ഏഴ് മാസമായി ലഭിക്കുന്നില്ല. ദേശീയ ആരോഗ്യ ദൗത്യം പദ്ധതി വഴി നടത്തിയിരുന്ന സൗജന്യ മരുന്ന് വിതരണം കഴിഞ്ഞ വർഷം നിർത്തിയിരുന്നു. തുടർന്ന് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി സഹായം ചെയ്യുമെന്ന് തീരുമാനിച്ചെങ്കിലും നാളിതുവരെ നടപ്പായില്ല. പെൻഷനും സൗജന്യ മരുന്നു വിതരണവും നിർത്തി എൻഡോസൾഫൻ ദുരിതബാധിതരെ കൂടുതൽ ദുരിതങ്ങളിലേക്ക് തള്ളിവിടുകയാണ് സർക്കാർ.