കാസർകോട്: കാസർകോട് അഞ്ചു ലക്ഷം രൂപയുടെ വണ്ടി ചെക്ക് നൽകി വഞ്ചിച്ചതായി കാസർകോട് ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസലിനെതിരെ തൃക്കരിപ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എം.പി ജോസഫ്, കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായം കേസ് ഫയലിൽ സ്വീകരിച്ച കോടതി ഡിസംബർ 19 ന് ഹാജരാകാൻ പി.കെ ഫൈസലിന് സമൻസ് അയച്ചിട്ടുണ്ട്. 2022 നവംബർ 28 ന് രണ്ടുതവണകളിലായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം വാങ്ങിയത്. ജോസഫിൽ നിന്നും 10 ലക്ഷം രൂപ ഒരു മാസത്തെ കാലാവധിയിലാണ് പി.കെ.ഫൈസൽ കടം വാങ്ങിയത്. പലതവണ പണം തിരിച്ചുചോദിച്ചിട്ടും നൽകാത്തതിനെ തുടർന്ന് ജോസഫ് കെ.പി.സി.സി നേതാക്കൾക്ക് പരാതി നൽകിയിരുന്നു ഇതേ തുടർന്ന് 5 ലക്ഷം രൂപ തിരിച്ചുകൊടുത്തെങ്കിലും ബാക്കി 5 ലക്ഷം രൂപ ഇനിയും നൽകാൻ ബാക്കിയുണ്ടായിരുന്നു. ഈ തുക പറഞ്ഞ കാലാവധിയിലും തിരിച്ചുനൽകിയില്ല. കെ.പി.സി.സിക്ക് പരാതികൊടുത്താലും ഇനി ഗുണം ഉണ്ടാകില്ലെന്ന് മനസിലായതോടെയാണ് ജൂൺ 27 ന് എം.പി.ജോസഫ് കൊച്ചിയിലെ പ്രമുഖ അഭിഭാഷകൻ നിതീഷ് ഷേണായി മുഖേന കാക്കനാട് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്. മുൻ മന്ത്രി കെ.എം.മാണിയുടെ മകളുടെ ഭർത്താവും കേരളാ കോൺഗ്രസ് നേതാവുമാണ് എം.പി ജോസഫ്.