കത്വ ഫണ്ട് തിരിമറി: കെ.ടി ജലീലും ഇടതു നേതാക്കളും ഗൂഢാലോചന നടത്തിയുണ്ടാക്കിയ കള്ളക്കേസ്- പി.കെ ഫിറോസ്
കോഴിക്കോട്: കത്വ ഫണ്ട് തിരിമറിക്കേസ് കെ.ടി ജലീലും വി. അബ്ദുറഹ്മാനും ചേർന്നു നടത്തിയ ഗൂഢാലോചനയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഇത്തരമൊരു കള്ളക്കേസ് വന്നത്. ഇതിനെതിരെ മാനനഷ്ടക്കേസ് കൊടുക്കും. ഇതിൽ ഏത് അന്വേഷണവും നേരിടാനും തയാറാണെന്നും ഫിറോസ് പറഞ്ഞു.
കത്വ ഫണ്ട് തിരിമറി രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് എതിർകക്ഷികൾക്കെതിരെ കൊടുത്ത കള്ളക്കേസാണെന്ന പൊലീസ് റിപ്പോർട്ടിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.കെ ഫിറോസ്. പ്രതികരിക്കുന്നവരെ വേട്ടയാടുന്ന രീതിയാണ് കേന്ദ്രത്തിൽ മോദി സർക്കാരിനും കേരളത്തിൽ പിണറായി സർക്കാരിനും. കേന്ദ്രത്തിൽ ന്യൂസ്ക്ലിക്ക് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരെയാണെങ്കിൽ കേരളത്തിൽ അതു പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്. അതിന്റെ ഭാഗമായാണ് തനിക്കും യൂത്ത് ലീഗ് മുൻ ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈറിനുമെതിരെ കത്വ ഫണ്ട് തട്ടിപ്പ് എന്ന പേരിൽ കള്ളക്കേസെടുത്തതെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി.
”കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കത്വ ഫണ്ടിൽ തിരിമറി നടത്തിയെന്ന് ആരോപിച്ച് വന് പ്രചാരണമാണ് വി. അബ്ദുറഹ്മാനും ഇടതുപക്ഷ നേതാക്കളും സി.പി.എം പ്രവർത്തകരും എനിക്കെതിരെ നടത്തിയത്. അബ്ദുറഹ്മാന് ഇനി ആ സ്ഥാനത്ത് ഇരിക്കാനുള്ള ധാർമികാവകാശമില്ല. കെ.ടി ജലീലിന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയിലാണ് ഇത്തരമൊരു കേസുണ്ടായത്. ജലീലും അബ്ദുറഹ്മാനും സി.പി.എം നേതാക്കളും ഗൂഢാലോചന നടത്തി. രാഷ്ട്രീയവൈരാഗ്യത്തോടെയുണ്ടാക്കിയ കള്ളക്കേസാണിതെന്ന് പൊലീസ് തന്നെ കണ്ടെത്തിയിരിക്കുകയാണ്.”
‘കേരള സ്റ്റോറി’ എന്ന പ്രൊപഗണ്ട സിനിമയ്ക്കെതിരെ ഒരു കോടി ഇനാം പ്രഖ്യാപിച്ചപ്പോൾ അതിന്റെ സ്രോതസ്സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും ഇവർ കേന്ദ്ര അന്വേഷണ ഏജൻസികളെ സമീപിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയന്റെ പൊലീസാണ് ഇപ്പോൾ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയത്. പൊലീസിനു വേറെ വഴികളില്ലായിരുന്നു. ഇ.ഡിയുടെ ഉൾപ്പെടെ ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
കത്വ ഫണ്ട് തട്ടിപ്പ് ആരോപണം വ്യാജമാണെന്ന് നേരത്തെ പൊലീസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് എതിർകക്ഷികൾക്കെതിരെ വെറുതെ പരാതി നൽകിയെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.