25 ലക്ഷത്തിന്റെ മയക്കുമരുന്ന് കേസ്: സംഘനേതാവ് ചിങ്ങവനം സ്വദേശി സൂസിമോള്; ‘തുമ്പിപ്പെണ്ണ്’ സംഘത്തിന്റെ വാട്സ്ആപ്പ് വിവരം ലഭിക്കാന്‍ മെറ്റയുടെ സഹായം തേടും
കൊച്ചി: 25 ലക്ഷം രൂപയുടെ മാരക ലഹരിയുമായി കലൂര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് എക്സൈസ് സംഘം പിടികൂടിയ “തുമ്പിപ്പെണ്ണ്” സംഘത്തിലെ ഇടപാടുകാരെ കണ്ടെത്താന്‍ പ്രതികളുടെ മൊബൈല്‍ ഫോണ്‍, ബാങ്ക് ഇടപാട് വിവരങ്ങള്‍ പരിശോധിക്കാന്‍ എക്സൈസ്.
പ്രതികളുടെ ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ മെറ്റയുടെ സഹായം തേടി വിവരം കൈമാറുമെന്ന് എക്സൈസ് അന്വേഷണ സംഘം അറിയിച്ചു. (ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, ത്രെഡ്സ് തുടങ്ങിയവയുടെ മാതൃസ്ഥാപനമാണു മെറ്റ.)
തങ്ങള്‍ ഇടനിലക്കാന്‍ മാത്രമാണെന്നാണു പ്രതികള്‍ പറയുന്നത്.
എന്നാല്‍, ഹിമാചല്‍ പ്രദേശില്‍നിന്ന് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തുന്ന ലഹരി വസ്തുക്കള്‍ കൊച്ചി നഗരത്തില്‍ വിതരണം ചെയ്യുന്ന സംഘമാണ് ഇതെന്നാണ് എക്സൈസ് സംഘത്തിന്റെ വിലയിരുത്തല്‍. ഇതിനുള്ള തെളിവു മൊബൈല്‍ ഫോണില്‍നിന്നു ലഭിക്കുമെന്നാണു പ്രതീക്ഷ.പ്രതി അജ്മലുമായുള്ള ബന്ധത്തില്‍നിന്നാണു മയക്കുമരുന്ന് ഇടപാട് തുടങ്ങിയതെന്നു പിടിയിലായ ചിങ്ങവനം സ്വദേശിനി സൂസിമോള് പറയുന്നു. രണ്ടുവര്‍ഷം മുമ്പാണു മയക്കുമരുന്നു വില്പനയിലേക്കു കടന്നത്. എം.ഡി.എം.എ. വില്പനയ്ക്കുപുറമേ കഞ്ചാവും ഹാഷിഷും ഉപയോഗിക്കുകയും ചെയ്യും.
കൊറിയര്‍ വഴി ലഹരി ഓര്‍ഡര്‍ ചെയ്താല്‍ ഇതു മാലിന്യമെന്നു തോന്നിക്കുന്ന തരത്തില്‍ കവറിലാക്കി ഉപേക്ഷിക്കും. തുടര്‍ന്ന് ഈ സ്ഥലത്തിന്റെ ലൊക്കേഷന്‍ സംഘത്തിന്റെ വാട്സ്ആപ്പിലേക്ക് അയയ്ക്കും. ഇങ്ങനെ ലഭിക്കുന്നവ നഗരത്തില്‍ വിതരണം ചെയ്യും. ഇതു ലഭിച്ച വിവരം വാട്ട്സാപ്പ് സന്ദേശമായി അയയ്ക്കും. തുടര്‍ന്ന് ഇവ വിറ്റു തീര്‍ത്ത ശേഷം പണം ഓണ്‍ലൈനായി അയയ്ക്കുന്നതാണു രീതി.നെടുമ്പാശേരിയില്‍നിന്ന് ലഹരിയുമായി വരുന്ന വഴി കളമശേരിയില്വച്ചു ഷാഡോ സംഘം ഇവരുടെ വാഹനം വളഞ്ഞെങ്കിലും സംഘത്തിന്റെ കൈവശം ആയുധം ഉണ്ടെന്നു മനസിലാക്കിയതോടെ ഷാഡോ സംഘം പിന്‍വാങ്ങി. പിന്നീട് ലഹരി ആവശ്യപ്പെട്ട് എക്സൈസ് സംഘം തുമ്പിപ്പെണ്ണ് സംഘത്തെ പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ കാറില്‍ സ്റ്റേഡിയം പരിസരത്തെത്തിയ സംഘത്തെ എക്സൈസ് വളഞ്ഞു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരില്‍നിന്നു രണ്ടു കത്തികളും ഒരു സ്പ്രിങ് ബാറ്റണും പിടിച്ചെടുത്തിട്ടുണ്ട്.
രാത്രി എട്ടോടെ പ്രതികള്‍ കാറില്‍ സ്റ്റേഡിയം പരിസരത്തെ ഹോട്ടലിനു സമീപമെത്തി. പിടിയിലായവര്‍ നിരവധി കേസുകളില്‍ പ്രതികളാണ്.ഇവര്‍ സ്ഥലത്തെത്തിയ ഉടന്‍ എക്സൈസ് സംഘം കാര്‍ വളഞ്ഞു പിടികൂടുകയായിരുന്നു. അക്രമാസക്തരായ പ്രതികളെ ഏറെ പണിപ്പെട്ടാണു കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അസിസ്റ്റന്റെ എക്സൈസ് കമ്മിഷണര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി. ചിങ്ങവനം സ്വദേശിനി സൂസിമോളാണു സംഘത്തിന്റെ നേതാവ്. അങ്കമാലി സ്വദേശി എല്‍റോയ്, കാക്കനാട് അത്താണി സ്വദേശി അജ്മല്‍, ചെങ്ങമനാട് സ്വദേശി അമീര്‍ എന്നിവരാണു പിടിയിലായ മറ്റുള്ളവര്‍.