മഞ്ചേശ്വരത്ത് 90 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; കഞ്ചാവ് കടത്തിന്റെ ആസൂത്രണം ജയിലിൽ
കാസർകോട്: കാറിൽ കടത്തികൊണ്ടുവന്ന 90 കിലോ കഞ്ചാവുമായി യുവാവ്
അറസ്റ്റിൽ.സംഘത്തിലുണ്ടായിരുന്ന രണ്ടാമൻ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 10.40 ന്
കാസർകോട് മഞ്ചേശ്വരം ബാധിക്കട്ടയിലാണ് കഞ്ചാവ് പിടികൂടിയത്.കണ്ണൂർ കൂത്തുപറമ്പ്
കണ്ണവം സ്വദേശിയും തൃക്കരിപ്പൂരിൽ താമസക്കാരനുമായ റൈഫ് ബഷീർ (31)ആണ്
അറസ്റ്റിലായത്. ഓടി രക്ഷപ്പെട്ട ആൾക്കായി തെരച്ചിൽ തുടരുകയാണ്.കാഞ്ഞങ്ങാട്
ഡിവൈ.എസ്.പി പി ബാലകൃഷ്ണൻ നായർക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കഞ്ചാവ്
പിടികൂടിയത്. ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അബൂബക്കർ
കല്ലായി, സിപിഒമാരായ ഷാജു, ദിനേശ്, ഷജീഷ് എന്നിവർ സ്വകാര്യ വാഹനത്തിൽ ബായാർ
കൈക്കമ്പ റൂട്ടിൽ നിലയുറപ്പിച്ചു. കഞ്ചാവു കടത്തു സംഘത്തിന്റെ നീക്കങ്ങളോരോന്നും
അതാതു സമയത്ത് ഡിവൈ.എസ്.പി സ്ക്വാഡ് അംഗങ്ങളെ അറിയിച്ചു കൊണ്ടിരുന്നു.മഹാരാഷ്ട്ര
രജിസ്ട്രേഷനിലുള്ള കാർ എത്തിയതോടെ പൊലീസ് സംഘം പിന്തുടർന്നു. കാർ ബായിക്കട്ടയിൽ
എത്തിയപ്പോൾ സംഘം റൂട്ട് മാറ്റുന്നുവെന്ന സംശയത്തെ തുടർന്ന് പൊലീസ് സംഘം ഓവർടേക്ക്
ചെയ്ത് കാർ തടഞ്ഞു. ഇതോടെ ഒരാൾ ഇറങ്ങി ഓടിയെങ്കിലും റൈഫ് ബഷീറിനെ കയ്യോടെ
പിടികൂടി. ഇതിനിടയിൽ മഞ്ചേശ്വരം എസ്.ഐമാരായ റുമേഷ്, നിഖിൽ സുമേഷ്രാജ്, ഡ്രൈവർ
ആരിഫ് എന്നിവർ കുതിച്ചെത്തി കാറിന്റെ ഡിക്കി തുറന്നുനോക്കിയപ്പോഴാണ് 90 കിലോ
കഞ്ചാവ് പ്ലാസ്റ്റിക് കവറുകളിലാക്കി കുത്തിനിറച്ച നിലയിൽ കണ്ടെത്തിയത്.