ലീഗ് സലാമിനെ നിയന്ത്രിക്കണം, കനത്ത വില നല്‍കേണ്ടിവരും; മുന്നറിയിപ്പുമായി എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത വിദ്യാര്‍ഥി വിദ്യാര്‍ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി. ചില സമസ്ത നേതാക്കള്‍ക്കെതിരെ പിഎംഎ സലാം നടത്തിയ വിമര്‍ശനങ്ങളെ തുടര്‍ന്നാണ് എസ്.കെ.എസ്.എസ്എഫ് അദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്.
പി.എം.എ സലാം സമുദായത്തില്‍ ഛിദ്രതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ അദ്ദേഹത്തെ അടിയന്തിരമായി നിയന്ത്രിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. എത്ര ഉന്നതനായാലും സമസ്തക്കും അതിന്റെ നേതാക്കള്‍ക്കുമെതിരെ വന്നാല്‍ അവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് സമസ്ത പോഷക സംഘടന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
‘ആദ്യം സമസ്ത അധ്യക്ഷനെ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് അദ്ദേഹം അവഹേളിച്ചു. ഇപ്പോള്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളേയും അവഹേളിച്ചിരിക്കുന്നു. കുഴപ്പമുണ്ടാകുമ്പോള്‍ ഒപ്പിടുന്നയാള്‍ എന്നാണ് അദ്ദേഹം തങ്ങളെ അധിക്ഷേപിച്ചത്. സമസ്തയോടുള്ള അദ്ദേഹത്തിന്റെ വിരോധമാണ് ഇത്തരം അധിക്ഷേപങ്ങളിലൂടെ പുറത്തുവരുന്നത്. സമസ്തയും മുസ്ലിം ലീഗും കാലങ്ങളായി നിലനിര്‍ത്തിപ്പോരുന്ന സൗഹൃദത്തെ തകര്‍ക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നത് ഗൗരവപൂര്‍വ്വം കാണേണ്ടതാണെന്ന് യോഗം ആവശ്യപ്പെട്ടു. എത്ര ഉന്നതനായാലും സമസ്തക്കും അതിന്റെ നേതാക്കള്‍ക്കുമെതിരെ വന്നാല്‍ അവര്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നല്കി’ എസ്കെഎസ്എസ്എഫ് പ്രസ്താവനയില്‍ വ്യക്തമാക്കി.