ഡിവൈഎസ്പിക്ക് മുന്നിൽ കുഴഞ്ഞുവീണ ഗൃഹനാഥൻ മണിക്കൂറുകൾക്കകം വില്ലേജ് ഓഫീസിന്റെ കിണറ്റിൽ ചാടി.
ഉപ്പള: ഡിവൈഎസ്പി പരാതിയെ കുറിച്ച് സംസാരിച്ചതിന് പിന്നാലെ കുഴഞ്ഞ് വീണ ഗൃഹനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ നീതി കിട്ടുന്നില്ലെന്ന് പറഞ്ഞ് പഞ്ചായത് ഓഫീസ് കിണറ്റിലേക്ക് എടുത്ത് ചാടി. ശേഷം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി മെഡികൽ കോളജിൽ പ്രവേശിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഉപ്പളയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
ബന്തിയോട് ചുക്കിരിയടുക്കം സ്വദേശിയും പൊതുപ്രവർത്തകനുമായ നസീർ (55) ആണ് ആശുപത്രിയിലുള്ളത്.
പഞ്ചായതിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ചൂണ്ടിക്കാട്ടി മംഗൽപാടി പഞ്ചായത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഓഫീസിന് മുന്നിൽ വെള്ളിയാഴ്ച രാവിലെ ധർണ സമരം നടന്നിരുന്നു. സമരവുമായി ബന്ധപ്പെട്ട് പഞ്ചായത് ഓഫീസിലേക്ക് എത്തിയ കാസർകോട് ഡിവൈഎസ്പി പി കെ സുധാകരൻ ഈ സമയം അവിടെയുണ്ടായിരുന്ന നസീറിനോട് മുമ്പ് വിലേജ് ഓഫീസർക്ക് നൽകിയ ഒരു പരാതിയെ കുറിച്ച് സംസാരിച്ചിരുന്നതായാണ് വിവരം.
കോയിപ്പാടി വിലേജിൽ തന്റെ പേരിലുള്ള 2.75 സെന്റ് സ്ഥലം രേഖകളിൽ 3.5 സെന്റ് ആക്കി തരണമെന്ന് വിലേജ് ഓഫീസറോട് ഇയാൾ ആവശ്യപ്പെട്ടിരുന്നതായും ഇത് നൽകാത്തത് മൂലം വിലേജ് ഓഫീസർക്കെതിരെ ഇയാൾ പലയിടങ്ങളിലും പരാതി നൽകിയിരുന്നതായി പൊലീസ് വൃത്തങ്ങൾ പറയുന്നു.
മുഖ്യമന്ത്രിക്ക് നൽകിയ ഈ പരാതിയിൽ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയിൽ മൊഴി നൽകാൻ വരാത്തതിനെ കുറിച്ചാണ് ഡിവൈഎസ്പി സംസാരിച്ചത്. ഇതിനിടെ പൊടുന്നനെ നസീർ കുഴഞ്ഞുവീഴുകയായിരുന്നു. ഓടിക്കൂടിയവർ ഉടൻ തന്നെ ഇയാളെ മംഗൽപാടി താലൂക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ വൈകുന്നേരത്തോടെ തനിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കടക്കം ഫോൺ ചെയ്യുകയും ആരും ഒന്നും കേൾക്കുന്നില്ലെന്നും പറഞ്ഞ് സമീപത്തെ പഞ്ചായത് ഓഫീസ് കിണറ്റിലേക്ക് എടുത്ത് ചാടുകയുമായിരുന്നു. 10 മിനിറ്റോളം വെള്ളത്തിൽ മുങ്ങിക്കിടന്ന ഇയാളെ വാർഡ് അംഗം ഇബ്രാഹിമും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി ഉടൻ തന്നെ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പിൻവലിക്കാൻ സമ്മർദം ചെലുത്തിയെന്നാണ് നസീർ മറ്റുള്ളവരോട് പറഞ്ഞത്. എന്നാൽ അധികൃതർ ഇക്കാര്യം നിഷേധിക്കുകയാണ്..