ലോകകപ്പില്‍ ഇന്ന് പോരാട്ടങ്ങളുടെ പോരാട്ടം, ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍
അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ ആരാധകര്‍ കാത്തിരുന്ന പോരാട്ടം ഇന്ന്. പരമ്പരാഗത വൈരികളായ ഇന്ത്യയും പാകിസ്ഥാനും ഇന്ന് അഹമ്മദാബാദില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ തുടര്‍ ജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് രണ്ട് ടീമും. ലോകകപ്പിലെ ആദ്യ രണ്ട് കളികളും ജയിച്ചാണ് ഇന്ത്യയും പാകിസ്ഥാനും അഹമ്മദാബാദിലെ മൂന്നാം പോരാട്ടത്തിനിറങ്ങുന്നത്.
അഹമ്മദാബാദിലെ 132000 കാണികള്‍ക്ക് മുന്നില്‍ ഇരുടീമും മുഖാമുഖം വരുമ്പോള്‍ ആവേശം പരകോടിയിലെത്തും. ലോകകപ്പിൽ 7 തവണയാണ് ഇരുകൂട്ടരും കൊമ്പുകോർത്തിട്ടുളളത്. എന്നാൽ ചരിത്രത്തിൽ ഇന്നുവരെ ലോകകപ്പിൽ പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. ആ ചരിത്രം ആവർത്തിക്കാൻ രോഹിത്തും കൂട്ടരും ഇറങ്ങുമ്പോൾ പുതിയ ചരിത്രം എഴുതാനാണ് ബാബറും സംഘവും ലക്ഷ്യമിടുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന്റെ ആഘാതം പാകിസ്ഥാനുണ്ട്. അതിന്റെ കണക്കു തീര്‍ക്കല്‍ കൂടി പാകിസ്ഥാന്റെ ലക്ഷ്യമാണ്.ശക്തരായ ഓസ്ട്രേലിയയേയും അഫ്ഗാനിസ്ഥാനേയും തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം അങ്കത്തിന് കച്ചമുറുക്കുന്നത്.
ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുമെന്ന് ഉറപ്പായതോടെ ഇരട്ടി ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുമ്പോള്‍ ആദ്യ രണ്ട് കളികളിലും ഇറങ്ങിയ ഇഷാന് കിഷന് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവുമെന്നാണ് കരുതുന്നത്. ബൗളിംഗ് നിരയിലും ഇന്ത്യ ഒരു മാറ്റം വരുത്തിയേക്കും. ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം മുഹമ്മദ് ഷമി പ്ലേയിംഗ് ഇലവനില്‍ കളിച്ചേക്കും.