കാസര്‍കോട്: കൈക്കൂലി വിദഗ്ധൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഡോ. വെങ്കിട ഗിരിയെ ഒടുവിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.ശസ്ത്രക്രിയയ്ക്ക് അനസ്തേഷ്യ നല്‍കുന്നതിനായി രോഗിയില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറാണ് വെങ്കിട ഗിരി.
1960-ലെ കെസിഎസ് (സിസി&എ) ചട്ടത്തിലെ ഉപചട്ടം 10 പ്രകാരം 2023 ഒക്ടോബർ മൂന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ അച്ചടക്ക നടപടിക്ക് വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയിന്റ് സെക്രടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നേരത്തെ ഒരു തവണ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് സസ്പെന്ഷന് വിധേയമായിട്ടുള്ള ഡോക്ടറെ ബാഹ്യസമൃദ്ധങ്ങളെ തുടർന്നു പരാതിക്കാരനോട് എന്താണ് ഉണ്ടായത് എന്നു പോലും ചോദിക്കാതെ സസ്പെന്ഷന് നടപടി പിന്‍വലിച്ച് വീണ്ടും ഇതേ ആശുപത്രിയില്‍ തന്നെ സേവനമനുഷ്ഠിക്കാൻ അനുവദിക്കുകയായിരുന്നു. അതിനിടെയാണ് മറ്റൊരു കേസിൽ അറസ്റ്റിലായത്. സമാനമായ നിരവധി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഡോക്ടറെ സർവീസിൽ നിന്ന് തന്നെ സസ്പെൻഡ് ചെയ്യണമെന്ന് വിവിധയിടങ്ങളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഒടുവിൽ, അറസ്റ്റിലായി ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് ഡോ. വെങ്കിട ഗിരിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് സർകാർ ഉത്തരവ് പുറത്തുവന്നത്. അതേസമയം അടുത്തവർഷം മൂന്നാം മാസം സർവീസിൽ നിന്ന് വിരമിക്കാൻ ഇരിക്കുകയാണ് കാലങ്ങളായി തുടർന്നുവന്ന കൈക്കൂലി ഇടപാടുകളിൽ ഒടുവിൽ പിടിക്കപ്പെട്ടത് സസ്പെൻഷൻ കാലാവധിയിൽ ഉപജീവന ബത്തക്ക് അർഹതയുണ്ടായിരിക്കും.
പി എം അബ്ബാസ് എന്നയാൾക്ക് ശസ്ത്രക്രിയ ചെയ്യുന്നതിന് അടുത്തുള്ള തീയതി ലഭിക്കുന്നതിനായി 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ് ഡോ. വെങ്കിടഗിരിയെ വിജിലൻസ് പിടികൂടിയത്. തുടർന്ന് അറസ്റ്റിലായ ഡോക്ടറെ കോഴിക്കോട് വിജിലന്‍സ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.