ആത്മഹത്യ ചെയ്ത യുവാവിന്റെ തലയുമായി ട്രെയിൻ ഓടിയത് പതിനെട്ട് കിലോമീറ്റർ; ശരീര ഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ
വടക്കാഞ്ചേരി: ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ തലയുമായി ട്രെയിൻ ഓടിയത് 18 കിലോമീറ്റർ. തെക്കുംകര പനങ്ങാട്ടുകര സ്വദേശി ശരത്ത് (34) ആണ് ഇന്നലെ പുലർച്ചെ രാജ്യാറാണി – കൊച്ചുവേളി എക്പ്രസ് ട്രെയിനിന്റെ മുമ്പിൽ ചാടി മരിച്ചത്.
രാജ്യാറാണി – കൊച്ചുവേളി എക്സ്പ്രസ് ട്രെയിൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ട്രെയിനിന്റെ എൻജിൻ ഗാർഡിന് മുകളിൽ യാത്രക്കാർ യുവാവിന്റെ തല കണ്ടെത്തിയത്. ട്രെയിനിന് ഇടയിൽ കുടുങ്ങിയ നിലയിൽ തല കണ്ട യാത്രക്കാർ വിവരം അറിയിച്ചതിനെത്തുടർന്ന് റെയിൽവേ പൊലീസ് ഉൾപ്പെടെയെത്തി മേൽനടപടികൾ സ്വീകരിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരി എങ്കക്കാട് റെയിൽവേ ഗേറ്റിന് സമീപം വിവിധയിടങ്ങളിൽ നിന്ന് ചിന്നഭിന്നമായ നിലയിൽ മറ്റ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. യുവാവ് ട്രെയിനിന്റെ മുമ്പിൽ ചാടിയ വിവരം ലേക്കോപൈലറ്റ് നേരത്തെ വടക്കാഞ്ചേരി സ്റ്റേഷനിൽ അറിയിച്ചിരുന്നു. യുവാവ് എഴുതിയ ആത്മഹത്യാക്കുറിപ്പും വടക്കാഞ്ചേരി പൊലീസ് കണ്ടെടുത്തു.