കാസർകോട് ജനറൽ ആശുപത്രിയിലെ രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവം;
ഡോക്ടർക്ക് സസ്പെൻഷൻ
കാസർകോട്: രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ കാസർകോട്
ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടർ വെങ്കിട്ട ഗിരിയെ അന്വേഷണ
വിധേയമായി സർവീസിൽ നിന്നും സസ്പെന്റുചെയ്തു. വിജിലൻസ് നൽകിയ റിപോർട്ടിന്റെ
അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് നടപടിയെടുത്തത്. നേരത്തെയും കൈക്കൂലി കേസിൽ
ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടായിരുന്നു. ഒക്ടോബർ മൂന്നിനാണ് 2000 രൂപ കൈക്കൂലി
വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. ഹർണിയ അസുഖത്തിന് ചികിത്സയ്ക്കായി
എത്തിയ മധൂർ പട്ള സ്വദേശി പിഎം അബ്ബാസിനോടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.
ഇക്കഴിഞ്ഞ സപ്തംബർ ഏഴിനാണ് ഇയാൾ ഹർണിയ രോഗത്തിന് ചികിത്സ തേടി
ആശുപത്രിയിലെത്തിയത്. തുടർന്ന് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.
അഭിജിത്തിനെ കാണുകയും പരിശോധിച്ച് ഓപറേഷൻ ആവശ്യമാണെന്ന് നിശ്ചയിക്കുകയും
ചെയ്തു. ഓപറേഷന് തീയതി ലഭിക്കുന്നതിന് അനസ്തേഷ്യ വിഭാഗം ഡോ. വെങ്കിട്ട ഗിരിയെ
കാണാൻ പറയുകയും ചെയ്തിരുന്നു. തുടർന്ന് 26-ാം തീയതി വെങ്കിട്ട ഗിരിയെ കണ്ടപ്പോൾ ഡിസംബർ
മാസത്തിൽ തീയതി നൽകി. തീയതി മുന്നോട്ട് നീക്കി നൽകണമെന്ന് രോഗി
ആവശ്യപ്പെട്ടതോടെയാണ് 2000രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ രോഗി വിജിലൻസിനെ
സമീപിക്കുകയായിരുന്നു. തുടർന്ന് കാസർകോട് പുതിയ ബസ് സ്റ്റാന്റിനടുത്തുള്ള ഡോക്ടറുടെ
വീട്ടിലെത്തി പണം കൈമാറുന്നതിനിടെ വിജിലൻസ് ഡി.വൈ.എസ്പി വി.കെ വിശ്വംഭരൻ
നായരുടെ നേതൃത്വത്തിലുള്ള സംഘം കയ്യോടെ പിടികൂടുകയായിരുന്നു. 2000 രൂപ കൈക്കൂലി
വാങ്ങുന്നതിനിടെ അറസ്റ്റിലായ ഡോക്ടറെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി 14
ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. നേരത്തെ ഒരു തവണ കൈക്കൂലി ആരോപണം
ഉണ്ടായപ്പോൾ സസ്പെൻഷന് വിധേയമായിട്ടുള്ള ഡോക്ടർ നടപടി പിൻവലിച്ചതിനെ തുടർന്ന്
വീണ്ടും ഇതേ ആശുപത്രിയിൽ തന്നെ സേവനമനുഷ്ടിച്ചു വരികയായിരുന്നു. അതിനിടെയാണ്
മറ്റൊരു കേസിൽ അറസ്റ്റിലായത്.