ആറ് കളക്ടർമാർക്ക് സ്ഥലം മാറ്റം; കൊല്ലം ജില്ലാ കളക്ടറായി കാസർകോട് സ്വദേശി
കാസർകോട്: സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപണി. ആലപ്പുഴ, പത്തനംതിട്ട,
കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നിങ്ങനെ 6 ജില്ലകളിലെ കളക്ടർമാർക്ക് സ്ഥലമാറ്റമുണ്ട്.
പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന ദിവ്യ എസ് അയ്യ വിഴിഞ്ഞം പോർട്ട് എംഡിയായി
നിയമിച്ചു. അദീല അബ്ദുല്ലയ്ക്ക് പകരമാണ് നിയമനം. എ ഷിബുവാണ് പുതിയ പത്തനംതിട്ട
കളക്ടർ. ആലപ്പുഴ കളക്ടറായിരുന്ന ഹരിത വി കുമാറെ മൈനിംഗ് ആന്റ് ജിയോളജി
ഡയറക്ടറാക്കി. ജോൺ വി സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടർ, മലപ്പുറം ജില്ലാ
കളക്ടറായിരുന്ന പ്രേംകുമാർ പഞ്ചായത്ത് ഡയറക്ടറാകും. വിആർ വിനോദാണ് മലപ്പുറത്തെ
പുതിയ കളക്ടർ. കൊല്ലം കളക്ടറായിരുന്ന അഫ്സാന പർവീണിനെ ഭക്ഷ്യ സുരക്ഷ കമ്മീഷണറായി
നിയമിച്ചു. കൊല്ലം ജില്ലാ കളക്ടറാകുന്നത് കാസർകോട് നീലേശ്വരം കിഴക്കൻ കൊഴുവൽ സ്വദേശി
എൻ. ദേവിദാസ്. തിരുവനന്തപുരം മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറാണ് നിലവിൽ
ദേവിദാസ്. ദീർഘകാലം കാസർകോട് എഡിഎം ആയിരുന്നു. കണ്ണൂർ ഇലക്ഷൻ ഡെപ്യൂടി
കലക്ടറായിരിക്കെയാണ് ഐഎഎസ് പദവി ലഭിച്ചത്. ആദ്യമായാണ് ജില്ലാകളക്ടർ പദവി
ലഭിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടറായും
സേവനം അനുഷ്ടിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, തളിപറമ്പ് ആർഡിഒയായും സേവനമനുഷ്ടിച്ചു. ആർ
ആർ ഡെപ്യൂടി കലക്ടറായും പ്രവർത്തിച്ചിരുന്നു. കാസർകോട് ജില്ലാ കലക്ടറുടെ താത്കാലിക
ചുമതലയും വഹിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ എളമ്പച്ചി വടക്കുമ്പാട് സ്വദേശിയായ ദേവിദാസ്
നീലേശ്വരം കിഴക്കൻ കൊവ്വലിലാണ് ഇപ്പോൾ താമസം. മടിക്കൈ ഗവ. ഹയർ സെക്കൻഡറി
സ്കൂൾ അധ്യാപിക ജീജയാണ് ഭാര്യ. വിദ്യാർഥികളായ ചൈത്രക് ദേവ്, ദേവിക മിത്ര എന്നിവർ
മക്കളാണ്.